മലപ്പുറം: പൂക്കോട്ടുംപാടത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഐലാശ്ശേരി തേക്കുന്ന് സ്വദേശി പരേതനായ തച്ചങ്ങോടൻ രാമന്റെ മകൻ സുനിൽ ( 23) ആണ് മരിച്ചത്. അപകടത്തിൽ മറ്റു രണ്ടു പേർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
പൂക്കോട്ടുംപാടം മൂച്ചിക്കലിൽ ഗ്യാലക്സി തിയേറ്ററിന് സമീപം ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. ടൈൽസ് പതിക്കുന്ന ജോലിക്കാരനായ സുനിൽ നിലമ്പൂരിലെ ജോലി സ്ഥലത്ത് നിന്നും താമസിക്കുന്ന കല്ലാമൂല വേപ്പിൻ കുന്നിലെ സഹോദരിയുടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. സുനിൽ സഞ്ചരിച്ചിരുന്ന ബൈക്കും എതിർ ദിശയിൽ നിന്നെത്തിയ ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് മറ്റൊരു ബൈക്കിൽ കൂടി തട്ടിയാണ് അപകടമുണ്ടായത്.
അപകടത്തിൽ പരുക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ വണ്ടൂർ നിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സുനിലിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല . തലക്കും താടിയെല്ലിനും ഗുരുതര പരുക്കേറ്റ മേലാറ്റൂർ പുത്തനഴി സ്വദേശി ബഷീറിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കാലിന് പരുക്കേറ്റ വേപ്പിൻ കുന്ന് സ്വദേശി വിപിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്.