Kerala

തിരഞ്ഞെടുപ്പിലെ മോശം പ്രകടനം;തലസ്ഥാനത്ത് ബിജെപിയിൽ പൊട്ടിത്തെറി,പിന്നാലെ അച്ചടക്ക നടപടി

തിരുവനന്തപുരം:സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ തലസ്ഥാനത്ത് ബിജെപിയിൽ പൊട്ടിത്തെറി.തിരുവനന്തപുരം കോർപറേഷനിലെ പാർട്ടിയുടെ മോശം പ്രകടനത്തിന്റെ കാരണക്കാരെ ചൊല്ലിയാണ് പ്രധാനമായും കലഹം നടക്കുന്നത് .ഇതിന് പിന്നാലെ തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. പാറശാല, വർക്കല മണ്ഡലം പ്രസിഡന്റുമാർ രാജിവച്ചു.പരാചയത്തിന് പിന്നാലെ ചില മണ്ഡലങ്ങളിൽ നേതൃമാറ്റം വേണമെന്ന ആവശ്യവും ഉയരുന്നു.

കോർപറേഷനിൽ 61 സീറ്റുകൾ നേടി അധികാരത്തിൽ എത്തുമെന്നായിരുന്നു ബിജെപി പ്രതീക്ഷ. ഇതിനായി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് അടക്കം രംഗത്തിറക്കിയിരുന്നു.എന്നാൽ, പ്രവര്‍ത്തനത്തിലെ പാളിച്ചകൾ കാരണം അധികാരത്തിലെത്താൻ ബിജെപിക്ക് കഴിഞ്ഞില്ല. 35 സീറ്റുകളാണ് ലഭിച്ചത്. തിരുവനന്തപുരം മണ്ഡലത്തിലെ ഉറച്ച സീറ്റുകളെന്നു കരുതിയ ആറ്റുകാൽ, ശ്രീവരാഹം സീറ്റുകളിൽ പാർട്ടി അമ്പേ പരാജയപ്പെട്ടു.പാർട്ടിക്ക് 11 സിറ്റിങ് സീറ്റുകളാണ്
ഇക്കുറി നഷ്ടപ്പെട്ടു.

തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് എസ്.കെ.പി. രമേശിന്റെ പിഴവുകളാണ് തോൽവിക്ക് കാരണമായതെന്നാണ് ഉയരുന്ന ആരോപണം.രമേശും രണ്ടു ജനറൽ സെക്രട്ടറിമാരും തമ്മിൽ ഐക്യമില്ലാത്തതു പ്രശ്നം വഷളാക്കി. സെക്രട്ടറിമാർ പ്രവർത്തനത്തിൽ സജീവമായെങ്കിലും രമേശ് തിരഞ്ഞെടുപ്പ് പ്രവർത്തങ്ങളിൽ സജീവമായിരുന്നില്ലെന്ന് ചില നേതാക്കൾ ആരോപിക്കുന്നു.

ഒരു ജനറൽ സെക്രട്ടറിയുടെ ഭാര്യയെ തിരഞ്ഞെടുപ്പിൽ തോൽപിക്കണമെന്നു രമേശ് നിർദേശിക്കുന്ന ഓഡിയോ സന്ദേശവും നേരത്തെ പുറത്തുവന്നത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.സീറ്റ് ലഭിക്കാത്തതിനെത്തുടർന്നാണ് രമേശ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് പിൻമാറിയതെന്നും നേതാക്കൾ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ജില്ലയിലെ പാർട്ടിയിൽ വലിയ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് പാർട്ടി നേതൃത്വം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *