Kerala

വന്യജീവി ആക്രമണത്തിനുള്ള നഷ്ടപരിഹാരം:മാർഗ്ഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കണം, മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

പത്തനംതിട്ട: വന്യജീവി ആക്രമണമുണ്ടാകുമ്പോൾ സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള  മാർഗ്ഗനിർദ്ദേശങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

സംസ്ഥാനത്ത് ഒട്ടാകെ,പ്രത്യേകിച്ച് വനമേഖലയോട് ചേർന്ന ഭാഗങ്ങളിൽ ഇവ വ്യക്തമായി പ്രസിദ്ധീകരിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി  സംസ്ഥാന വനം വകുപ്പു മേധാവിക്ക് നിർദ്ദേശം നൽകി. നഷ്ട പരിഹാരത്തിന് അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെയാണെന്ന് അറിയാത്തതു കാരണം നിരവധിയാളുകൾക്ക് നഷ്ടപരിഹാരം നിഷേധിക്കപ്പെടുന്നു എന്ന പരാതിയിലാണ് നടപടി. അറിയിപ്പ് ഏത് രീതിയിൽ പ്രസിദ്ധികരിക്കണമെന്നത് വനം വകുപ്പിന് തീരുമാനിക്കാം.

വിഷയത്തിൽ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചു. അപേക്ഷകൾ https://edistrict.kerala.gov.in
എന്ന വെബ് പോർട്ടലിൽ അക്ഷയകേന്ദ്രം വഴിയോ നേരിട്ടോ  നൽകാവുന്നതാണ്. അപേക്ഷ കിട്ടിയാലുടൻ വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷിക്കും. ഓൺലൈനായി സമർപ്പിക്കാൻ കഴിയാത്ത രേഖകൾ അന്വേഷണത്തിന് എത്തുന്ന ഉദ്യോഗസ്ഥർക്ക് നേരിട്ട് കൈമാറാം. വന്യജീവി ആക്രമണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങളിൽ അവബോധം സ്യഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. അങ്ങാടിക്കൽ സ്വദേശി സിജു സദാനന്ദൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *