തിരുവനന്തപുരം:പട്ടികജാതി-വര്‍ഗ്ഗ വിഭാഗക്കാര്‍ പരാതിക്കാരായ കേസുകളില്‍ അന്വേഷണം കാര്യക്ഷമമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല അവലോകനയോഗത്തില്‍ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിനാലാണ് ഉത്തരവ്. ഇത്തരം കേസുകളുടെ അന്വേഷണപുരോഗതി വിലയിരുത്തുന്നതിനും കോടതിനടപടികളിലുണ്ടാകുന്ന വീഴ്ചകള്‍ തടഞ്ഞ് ശിക്ഷ ഉറപ്പുവരുത്തുന്നതിനുമായി ക്രമസമാധാനവിഭാഗം എ.ഡി.ജി.പി യുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കിയിരുന്നു. ഈ സമിതിയുടെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
പട്ടികജാതി-വര്‍ഗ്ഗ അതിക്രമ (നിരോധന) നിയമപ്രകാരം നടന്നതായി പ്രഥമദൃഷ്ട്യാ മനസ്സിലായാല്‍ ഉടന്‍ തന്നെ ക്രൈം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. ഇത്തരം പരാതിക്കാരോട് അവര്‍ക്ക് ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ കൃത്യമായി പറഞ്ഞുമനസിലാക്കണം. പട്ടികജാതി-വര്‍ഗ്ഗ അതിക്രമ (നിരോധന) നിയമപ്രകാരമുള്ള വകുപ്പുകള്‍ക്കൊപ്പം ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പ്രതിപാദിക്കുന്ന പ്രസക്തവകുപ്പുകളും കേസില്‍ ഉള്‍പ്പെടുത്തണം.
അന്വേഷണഉദ്യോഗസ്ഥര്‍ പരാതിക്കാരന്റെ സാമൂഹിക-സാമ്പത്തിക നില വ്യക്തമായി മനസിലാക്കണം. മുന്‍വിധിയോടെ പെരുമാറാന്‍ പാടില്ല. പരാതിക്കാര്‍ വനിതകളാണെങ്കില്‍ അന്വേഷണസംഘത്തില്‍ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സാന്നിധ്യം ഉറപ്പാക്കണം. അന്വേഷണവേളയില്‍ പരാതിക്കാര്‍ക്ക് ആവശ്യമായ നിയമസഹായം ഉറപ്പാക്കുന്നതിന് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ സഹായം തേടണമെന്നും നിര്‍ദ്ദേശമുണ്ട്.
സാക്ഷിമൊഴികള്‍ കൃത്യതയോടെ രേഖപ്പെടുത്തണം. സാക്ഷികളെ വിശ്വാസത്തിലെടുത്ത് കുറ്റകൃത്യത്തിന്റെ ഗൗരവം അവരെ ബോധ്യപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാകണം. ശരിയായ സാക്ഷികളെ കണ്ടെത്തി മൊഴി രേഖപ്പെടുത്തണം. മൊഴികള്‍ ഹ്രസ്വവും സൂക്ഷ്മവുമായിരിക്കണം. കൃത്യസ്ഥലമഹസര് തയ്യാറാക്കല്‍, തെളിവ് ശേഖരണം എന്നിവയ്ക്ക് ഫോറന്‍സിക് വിദഗ്ദ്ധന്റെ സാന്നിധ്യം ഉറപ്പാക്കുകയും സാഹചര്യ, ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ എത്തിക്കുകയും വേണം. വിവിധ ലാബുകളില്‍ നിന്നുളള പരിശോധനാ ഫലങ്ങള്‍ കൃത്യമായി ശേഖരിക്കുന്നതിനും നിശ്ചിത സമയത്തിനുമുമ്പ് റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ ഹാജരാക്കുന്നതിനും ശ്രദ്ധ ചെലുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
ജില്ലാതലത്തില്‍ അഡീഷണല്‍ എസ്.പിമാരുടെ കീഴില്‍ സമിതികള്‍ രൂപീകരിച്ച് മാസംതോറും അന്വേഷണ പുരോഗതി വിലയിരുത്തുകയും അവ ജില്ലാ പോലീസ്മേധാവിമാര്ക്ക് അയയ്ക്കുകയും വേണം. പരാതിക്കാര്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ 60 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. പ്രതിമാസ ക്രൈം കോണ്‍ഫറന്‍സില്‍ ജില്ലാ പോലീസ് മേധാവിമാര്‍ അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തണം. കേസിന്റെ അന്തിമ റിപ്പോര്‍ട്ട് ജില്ലാ പോലീസ്മേധാവിയും റേഞ്ച് ഡി.ഐ.ജിമാരും പരിശോധിച്ചതിനുശേഷം മാത്രമാകണം കോടതികളില്‍ സമര്‍പ്പിക്കേണ്ടത്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യക പരിശീലനം നല്‍കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലുണ്ട്.
കോടതികളില്‍ വിചാരണയിലിരിക്കുന്ന കേസുകളുടെ പുരോഗതിയും പ്രത്യേക സമിതി വിലയിരുത്തി ജില്ലാപോലീസ് മേധാവിക്കും റേഞ്ച് ഡി.ഐ.ജിക്കും റിപ്പോര്‍ട്ട് നല്‍കണം. അന്വേഷണത്തില്‍ പങ്ക് വഹിച്ച ഒരു ഉദ്യോഗസ്ഥനെ വിചാരണസമയത്ത് പ്രോസിക്യൂഷനെ സഹായിക്കാനായി നിയോഗിക്കണം. സാക്ഷികള്‍ കോടതികളില്‍ കൃത്യമായി ഹാജരായി വിവരം നല്‍കുന്നുവെന്ന് പോലീസ് ഉറപ്പാക്കണം. മജിസ്ട്രേറ്റ് മുമ്പാകെ മൊഴികൊടുത്ത സാക്ഷികള്‍ വിചാരണവേളയില്‍ കൂറുമാറുന്നതിനെതിരെ അന്വേഷണഉദ്യോഗസ്ഥര്‍ കര്‍ശനനടപടി സ്വീകരിക്കണം. കേസ് കോടതിയില്‍ തളളിപ്പോയാല് സര്‍ക്കാര്‍ പ്ലീഡറുടെ നിയമോപദേശം തേടിയശേഷം അപ്പീല്‍ നല്‍കാനുളള നടപടി സ്വീകരിക്കണം.
പ്രതികള്‍ വിട്ടയയ്ക്കപ്പെടുന്ന കേസുകള്‍ റേഞ്ച് ഡി ഐ ജിമാര്‍ വിലയിരുത്തി അന്വേഷണത്തിലെ പാളിച്ചകള്‍ കണ്ടെത്തി വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും റേഞ്ച് ഡി.ഐ.ജിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.