Kerala

മാരാമണ്‍ കണ്‍വന്‍ഷന്‍; സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും

പത്തനംതിട്ട:മാരാമൺ കൺവൻഷൻ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി മന്ത്രി. കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് നടത്തി.ഫെബ്രുവരി 14ന് ആരംഭിക്കുന്ന മാരാമൺ കൺവൻഷനിൽ ഒരു സെഷനിൽ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളു. കോവിഡ് മാനദണ്ഡ പ്രകാരം പുറമേ നടത്തുന്ന പരിപാടികളിൽ പരമാവധി 200 പേരേ മാത്രമേ അനുവദിക്കൂ എന്നതിനെ അടിസ്ഥാനമാക്കിയാണ് തീരുമാനം. കൺവൻഷന് തടസമുണ്ടാകാത്ത രീതിയിൽ പമ്പയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കും. കൺവൻഷൻ നഗറിൽ ആരോഗ്യ വകുപ്പ് പ്രഥമ ശുശ്രൂഷയ്ക്കുള്ള മെഡിക്കൽ ടീമിനെ സജ്ജമാക്കും.

കൺവൻഷന് എത്തുന്നവരുടെ സൗകര്യാർഥം കെ.എസ്.ആർ.ടി.സി ആവശ്യാനുസരണം ബസ് സർവീസുകൾ നടത്തും. കൺവൻഷൻ നഗറിലെ പാർക്കിംഗ്, ക്രമസമാധാന പാലനം, ഗതാഗത നിയന്ത്രണം, കോവിഡ് പ്രോട്ടോക്കോൾ പാലനം എന്നിവ പോലീസ് നടത്തും. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും തെരുവ് വിളക്കുകൾ ക്രമീകരിക്കുന്നതിനുള്ള നടപടികളും അടിയന്തരമായി പൂർത്തിയാക്കും. കൺവൻഷൻ നഗറിലും പരിസര പ്രദേശങ്ങളിലും യാചക നിരോധനം ഏർപ്പെടുത്തും.

പൊതുമരാമത്ത് കെട്ടിട വിഭാഗം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നീ വകുപ്പുകൾ പന്തൽ, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പരിശോധിച്ച് ആവശ്യമായ അനുമതി നൽകും. വാട്ടർ അതോറിറ്റി കൺവൻഷൻ സ്ഥലത്തും പരിസര പ്രദേശങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ഫയർ ഫോഴ്സ്, എക്സൈസ് വകുപ്പുകൾ കൺവൻഷന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മുൻവർഷങ്ങളിലേതുപോലെ ഏർപ്പെടുത്തും. കൺവൻഷനുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിലുള്ള ക്രമീകരണങ്ങൾ അടൂർ ആർഡിഒ ഏകോപിപ്പിക്കും. തിരുവല്ല, കോഴഞ്ചേരി തഹസിൽദാർമാരെ കോ-ഓർഡിനേറ്ററായും നിയോഗിച്ചു.

ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി മന്ത്രി. കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് നടത്തിഅയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പമ്പാ നദിയിലെ മൺപുറ്റ് ഉടൻ നീക്കം ചെയ്യണമെന്ന് മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽദേശം നൽകിയിട്ടുണ്ട്. . ചീഫ് എൻജിനിയർ ഇത് മോണിറ്റർ ചെയ്യണമെന് മന്ത്രി നിർദേശിച്ചു.

പരിഷത്ത് നടക്കുന്നതിന്റെ ഭാഗമായി പമ്പാ നദിയിലെ ജലനിരപ്പ് ക്രമീകരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പാർക്കിംഗ് ഗ്രൗണ്ട് സൗകര്യമൊരുക്കാൻ ഇറിഗേഷൻ വകുപ്പിനും കുടിവെള്ള വിതരണത്തിന് വാട്ടർ അതോറിറ്റിക്കും നിർദേശം നൽകി. എല്ലാ വർഷവും ചെയ്യാറുള്ളപോലെ അതത് വകുപ്പുകൾ ചെയ്യേണ്ട സേവനങ്ങൾ ഉറപ്പുവരുത്തണമെന്നും വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ഫെബ്രുവരി ഏഴ് മുതൽ 14 വരെയാണ് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് നടക്കുന്നത്. ഹിന്ദു മത പരിഷത്തിന്റെ ഭാഗമായി രണ്ടു താൽക്കാലിക നടപ്പാലം നിർമിക്കുന്നത് സമയബന്ധിതമായി പൂർത്തിയാക്കും. ചെറുകോൽ- കുമ്പനാട്, ചെറുകോൽ- ആശാൻ റോഡ്, തടിയൂർ- എഴുമറ്റൂർ റോഡുകൾ ഹിന്ദു മത പരിഷത്തിന് മുമ്പായി അറ്റകുറ്റപ്പണി നടത്തണമെന്നും രാജു എബ്രഹാം എംഎൽഎ നിർദേശിച്ചു.
റോഡുകൾ ഗതാഗത യോഗ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എൻജിനിയർ അറിയിച്ചു. തിരുവല്ല സബ് കളക്ടർ ചേതൻകുമാർ മീണയെ സൗകര്യങ്ങൾ ഒരുക്കുന്നതിന് കോ-ഓർഡിനേറ്ററായി നിയോഗിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *