സംസ്ഥാനത്തും അതി തീവ്ര വൈറസ് സാനിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്കി.പുതിയ വൈറസ് തീവ്ര വ്യാപന ശേഷിയുള്ളതാണ്. രോഗം തദ്ദേശീയമായി പടരാനുള്ള സാധ്യത തള്ളി കളയാനാകില്ലെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. പുതിയ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തില്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിരീക്ഷണം കര്‍ശനമാക്കി.
വിദേശത്ത് നിന്നെത്തുന്നവരില്‍ പിസിആര്‍ പരിശോധന നടത്തും. നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും സാമൂഹിക അകലം പാലിക്കല്‍, മാസ്ക്, കൈകള്‍ ശുചിയാക്കല്‍ എന്നിങ്ങനെയുള്ള പ്രതിരോധം തുടര്‍ന്നില്ലെങ്കില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലേറെയാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
അതീതീവ്ര വൈറസ് ഒരുപാടുപേരിലേക്കെത്തിയാല്‍ ഇതുവരെയുള്ള പ്രതിരോധ പ്രവർത്തങ്ങൾ ആകെ പാളുമെന്ന ആശങ്കയും ആരോഗ്യവകുപ്പ് പങ്കുവെക്കുന്നു. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടിക ചെറുതാണെങ്കിലും വൈറല്‍ ലോഡും വ്യാപനശേഷിയും കൂടുതലുള്ള വൈറസ് പടരാനുള്ള സാധ്യത ആരോഗ്യവകുപ്പ് തള്ളിക്കളയുന്നില്ല. സമൂഹത്തില്‍ പുതിയ വൈറസ് സാനിധ്യം ഇല്ലെന്ന് ഉറപ്പ് വരുത്താൻ റാന്‍ഡം പരിശോധനകള്‍ നടത്തണമെന്ന നിര്‍ദേശവുമുണ്ട്.
അതി തീവ്ര വൈറസ് സാനിധ്യം വൈറസ് റിപ്പോർട്ട് ചെയ്ത ജില്ലകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ യുകെയില്‍നിന്ന് തിരിച്ചെത്തിയവര്‍ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.