സ്വർണകള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് സ്വപ്ന സുരേഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്.നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് സ്വപ്ന.
ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്നതായി അറിയിച്ചതിനെ തുടർന്ന് സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിതാ ജയിൽ അധികൃതർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.രക്തസമ്മർദ്ദത്തിലെ വ്യതിയാനം കാരണം പലപ്പോഴും ഇത്തരത്തിൽ ക്ഷീണം അനുഭവപ്പെടാറുണ്ടെന്ന് സ്വപ്ന പറഞ്ഞു.ഇതിന് മുമ്പും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേസമയം,സ്വപ്ന സുരേഷിന് വ്യാജ ഡിഗ്രീ സർട്ടിഫിക്കറ്റ് നൽകിയത് പഞ്ചാബിലെ സ്ഥാപനമെന്ന് തെളിരുന്നു. ദേവ് എജ്യൂക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനം വഴിയാണ് സ്വപ്ന സുരേഷ് വ്യാജസർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സ്പേസ് പാർക്കിൽ ജോലി നേടിയത്. 2017 ലാണ് സ്വപ്നയ്ക്ക് ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. സർട്ടിഫിക്കറ്റിനായി സ്വപ്ന ഒരു ലക്ഷത്തിലധികം രൂപയാണ് നൽകിയത്.