Kerala

കണ്ണൂർ വീണ്ടും ചുവന്നുതന്നെ; 58 ഗ്രാമപഞ്ചായത്തുകളിൽ ഭരണം ഇടതുമുന്നണിക്ക്,യുഡിഎഫ് ഭരണം 13 ഇടത്ത് മാത്രം

ത്രിതല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ കണ്ണൂർ ജില്ലയിൽ നേട്ടത്തിന്റെ ലീഡ് ഉയർത്തി ഇടതുമുന്നണി.എൽഡിഎഫിന് ജില്ലയിലെ 58 ഗ്രാമപഞ്ചായത്തുകളിൽ ഭരണം ലഭിച്ചു .യുഡിഎഫിന് ഭരണം 13 ഇടത്തു മാത്രമായി ഒതുങ്ങി. ബ്ലോക്ക് പഞ്ചായത്തുകളിൽ 10–1 എന്നതാണു നില. ജില്ലാ പഞ്ചായത്തിൽ വലിയ വെല്ലുവിളിയില്ലാതെ തന്നെ ഭരണത്തിലെത്തി. എന്നാൽ നടുവിൽ പഞ്ചായത്തിൽ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ വിപ്പ് ലംഘിച്ചു മത്സരിച്ച ഡിസിസി സെക്രട്ടറിയെ കൂട്ടുപിടിച്ചാണു ഭരണം പിടിച്ചതെന്നതു നേട്ടത്തിനിടയിലും എൽഡിഎഫിനു വലിയ ക്ഷീണമാണ് ഉണ്ടാക്കുന്നത്.

ഇടതു വലതു മുന്നണികളും ഒപ്പത്തിനൊപ്പം എത്തിയ ഇരിക്കൂർ ബ്ലോക്കിൽ നറുക്കെടുപ്പിലൂടെ ഇടതു മുന്നണി പ്രസിഡന്റ് സ്ഥാനവും യുഡിഎഫിനു വൈസ് പ്രസിഡന്റ് സ്ഥാനവും നേടി.കോൺഗ്രസ് ഐ ഗ്രൂപ്പുമായി എൽഡിഎഫ് നടത്തിയ അട്ടിമറി നീക്കത്തിലൂടെ നടുവിൽ ലഭിച്ചതിനു പുറമേ, ആർക്കും കേവല ഭൂരിപക്ഷമില്ലാതിരുന്ന കുന്നോത്തുപറമ്പ്, മുഴപ്പിലങ്ങാട് പഞ്ചായത്തുകളും ഇടതുമുന്നണി സ്വന്തമാക്കി.കൊട്ടിയൂരും തൃപ്രങ്ങോട്ടൂരും യുഡിഎഫ് നേടി. പക്ഷേ, ഭരണം ഉറപ്പിച്ചിരുന്ന നടുവിൽ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തിൽ കൈവിട്ടത് രണ്ടിടത്തെയും നേട്ടത്തെ നിഷ്പ്രഭമാക്കി. കൊറോണ വൈറസ് ബാധിച്ച എൽഡിഎഫ് അംഗമെത്താതിരുന്നതു മൂലം ആറളം പഞ്ചായത്ത് നറുക്കെടുപ്പിലേക്കു നീങ്ങിയെങ്കിലും ഭാഗ്യം ഇടതു മുന്നണിക്ക് തുണയായി.

നറുക്കെടുപ്പിലൂടെ തുണയായി ജില്ലയിലെ ത്രിതല പഞ്ചായത്തുകൾ ഇവയൊക്കെയാണ്.ഇരിക്കൂർ ബ്ലോക്കിലും കൊട്ടിയൂർ, ആറളം പഞ്ചായത്തുകളിലുമാണു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു നറുക്കെടുപ്പ് ഉണ്ടായത്. ഇരിക്കൂറിൽ പ്രസിഡന്റ് ഭാഗ്യം ഇടതുമുന്നണിയുടെ റോബർട്ട് ജോർജി(സിപിഎം)നൊപ്പം നിന്നപ്പോൾ, വൈസ് പ്രസിഡന്റായി നറുക്കു വീണത് യുഡിഎഫിലെ ഒ.എസ്.ലിസി(കേരളാ കോൺഗ്രസ് ജോസഫ്)ക്കാണ്.

കൊട്ടിയൂരിലെ നറുക്കെടുപ്പിൽ അധ്യക്ഷ സ്ഥാനത്തേക്ക് റോയി നമ്പുടാകത്തെയും (കോൺ.), വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഫിലോമിന ജോർജി(സിപിഎം)നെയും ഭാഗ്യം തുണച്ചു. ബേബി ജോണിനു കോവിഡ് ബാധിച്ചതിനാൽ എത്താനാകാതെ വന്നതോടെയാണ് ആറളത്ത് നറുക്കെടുപ്പ് വേണ്ടിവന്നത്. പകരക്കാരനായ കെ.പി.രാജേഷിനു നറുക്കുവീണു. നറുക്കെടുപ്പ് തുണച്ചത് മൂലം കേരള കോൺഗ്രസ് എമ്മിലെ ജെസിമോൾ വാഴപ്പള്ളി വൈസ് പ്രസിഡന്റുമായി.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *