Kerala

ട്വന്‍റി ട്വന്‍റി സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് അഴിമതിയെന്നാരോപണം; ട്വന്‍റി ട്വന്‍റിയും സിപിഎമ്മും തമ്മിൽ തർക്കം

കിഴക്കമ്പലത്ത് സിപിഎം- ട്വൻറി ട്വൻറി തർക്കം വീണ്ടും മുറുകുന്നു. വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനായി ട്വൻറി ട്വൻറി നടത്തുന്ന സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് അഴിമതിയെന്നാണ് സിപിഎമ്മിൻറെ ആരോപണം. പദ്ധതി അഴിമതിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ട്വൻറി ട്വൻറി പ്രതികരിച്ചു.

എറണാകുളം ജില്ലയിൽ ട്വൻറി ട്വൻറി ഭരിക്കുന്ന കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ, വെങ്ങോല പഞ്ചായത്തുകളിലെ എല്ലാ വൈദ്യുതി തൂണുകളിലും വഴിവിളക്കുകൾ സ്ഥാപിക്കുകയാണ്. നല്ല പ്രകാശമുള്ള ലൈറ്റുകൾ മൂന്ന് വർഷത്തെ വാറൻറിയോട് കൂടി തുരുമ്പ് പിടിക്കാത്ത സ്റ്റാൻഡുകളിലാണ് സ്ഥാപിക്കുന്നത്.

ഒരോന്നിനും ചെലവ് 2,500 രൂപ. ഈ തുക സംഭാവനയായി വാങ്ങിയാണ് സ്ട്രീറ്റ് ലൈറ്റ് ചലഞ്ച്. ട്വൻറി ട്വൻറി കിഴക്കമ്പലം അസോസിയേഷൻറെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കേണ്ടത്. സോഷ്യൽ മീഡിയയിലൂടെ ഇതിനായി പ്രചാരണം നടക്കുന്നു.കെഎസ്ഇബിയെയോ തദ്ദേശഭരണ വകുപ്പിനെയോ അറിയിക്കാതെ ഓഡിറ്റ് ഇല്ലാത്ത അക്കൗണ്ടിലേക്ക് സംഭാവന വാങ്ങി പദ്ധതി നടപ്പാക്കുന്നത് അഴിമതിയെന്നാണ് സിപിഎം ആരോപണം.അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പോലീസിനും കെഎസ്ഇബിയ്ക്കും പരാതി നൽകിയിട്ടുണ്ട്.

എന്നാൽ ആരോപണം അടിസ്ഥാനരഹിതമെന്ന നിലപാടിലാണ് ട്വൻറി ‍ട്വൻറി. ഇതിന് മുമ്പും വിവിധ ചലഞ്ചുകൾ വിജയകരമായി നടത്തിയിട്ടുണ്ട്. ഓഡിറ്റ് നടക്കുന്ന അക്കൗണ്ടിലൂടെ മാത്രമാണ് പണം സ്വീകരിക്കുന്നത്. മാത്രമല്ല ഓരോ ദിവസത്തെയും സംഭാവനകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും ട്വൻറി ‍ട്വൻറി അറിയിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *