Kerala

കോവളത്ത് വിദേശ പൗരനെ അപമാനിച്ച സംഭവം; എസ്ഐയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരത്ത് പുതുവര്‍ഷത്തലേന്ന് പോലീസ് പരിശോധനയില്‍ സഹികെട്ട് വിദേശ പൗരന്‍ മദ്യം റോഡരികില്‍ ഒഴുക്കി കളഞ്ഞ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ഗ്രേഡ് എസ്‌ഐയെ സർവീസിൽ തിരിച്ചെടുത്തു. കോവളം ഗ്രേഡ് എസ്‌ഐ ഷാജിയെയാണ് സര്‍വീസിലേക്ക് തിരിച്ചെടുത്തത്. ഇയാളെ പൂന്തുറ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയെക്കും.സംഭവം നടന്നത് ഡിസംബര്‍ 31നാണ്. ബിവറേജ് ഷോപ്പില്‍ നിന്ന് മദ്യം വാങ്ങി താമസ സ്ഥലത്തേക്ക് പോകുന്ന വഴിയേ വിദേശ പൗരനെ പോലീസ് തടഞ്ഞു. ബില്‍ കാണിക്കാതെ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്ന് വാശി പിടിച്ചതോടെ വിദേശ പൗരന്‍ മദ്യം റോഡരികില്‍ ഒഴുക്കി കളഞ്ഞു. ബില്‍ വാങ്ങാന്‍ മറന്നെന്ന് അറിയിച്ചിട്ടും പൊലീസ് മദ്യം കൊണ്ടുപോകാൻ സമ്മതിക്കാതെയിരിക്കുകയായിരുന്നു.

മദ്യം ഒഴുക്കി കളഞ്ഞതിന് ശേഷം ഇയാള്‍ ബിവറേജില്‍ പോയി ബില്‍ വാങ്ങി പൊലീസിനെ കാണിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ സംഭവം വലിയ വിവാദമായി. എസ്‌ഐയെ ഡിജിപി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടി. മന്ത്രി ശിവന്‍കുട്ടി വിദേശിയെ നേരിട്ട് പോയി സന്ദര്‍ശിച്ചു. മന്ത്രി റിയാസ് പൊലീസിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ എടുത്ത നടപടിക്കെതിരെ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എതിര്‍പ്പ് ഉന്നയിച്ചു. ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം പാലിക്കുകയാണ് എസ് ഐ ചെയ്തതെന്നാണ് സംഘടന മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്. ഇതെല്ലാം പരിഗണിച്ചാണ് നടപടി പിന്‍വലിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *