Kerala

സിപിഎമ്മിന്റെ മെ​ഗാ തിരുവാതിര; 550 പേർക്കെതിരെ കേസ്

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച മെ​ഗാ തിരുവാതിരക്കെതിരെ കേസെടുത്ത് പൊലീസ്. ജില്ലാ പഞ്ചായത്തംഗം സലൂജ ഉൾപ്പടെ കണ്ടാലറിയാവുന്ന 550 പേർക്കെതിരെയാണ് പാറശാല പോലീസ് കേസെടുത്തത്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്.

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പ്രകാരം പൊതുപരിപാടിയിൽ 150 പേരിൽ കൂടാൻ പാടില്ലെന്നാണ് സർക്കാരിന്റെ ഉത്തരവ്. ഈ നിയന്ത്രണം നിലനിൽക്കെയാണ് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 502 പേരെ പങ്കെടുപ്പിച്ച് മെഗാ തിരുവാതിര അരങ്ങേറിയത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുള്ള തിരുവാതിരക്കളി.

ജനാധിപത്യ മഹിള അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മെ​ഗാ തിരുവാതിര. ജില്ലാ പഞ്ചായത്ത് അം​ഗം സലൂജയുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര. പരിപാടി കാണാനായി 500 ലേറെ പേർ എത്തിയിരുന്നു. സിപിഎമ്മിന്റെ പരിപാടി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് കാണിച്ച് ഡിസിസി വൈസ് പ്രസിഡന്റ് എം മുനീര്‍ പൊലീസിൽ പരാതി നൽകിയിരുന്നു.

കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് ധീരജ് രാജേന്ദ്രന്റെ വിലാപ യാത്ര നടക്കുന്നതിനിടെയാണ് തലസ്ഥാനത്ത് സിപിഎം മെഗാ തിരുവാതിര നടത്തിയത്. ഇതിനെതിരെ സിപിഎമ്മിനുള്ളിൽ നിന്നും തന്നെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *