Kerala

‘ദേഹത്ത് കൈവച്ച പോലീസുകാരന്റെ കൈവെട്ടണം, അഞ്ച് പേരും അനുഭവിക്കും’; നടൻ ദിലീപിനെതിരായ എഫ്ഐആര്‍ പുറത്ത്

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞ നടൻ ദിലീപിനെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്.ഐ.ആർ പുറത്ത്. തന്റെ ദേഹത്ത് കൈ വെച്ച സുദർശൻ എന്ന പൊലീസുദ്യോഗസ്ഥന്റെ കൈ വെട്ടണം എന്ന് ദിലീപ് പറഞ്ഞതായി എഫ്‌.ഐ.ആറിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരായ ബൈജു പൗലോസ്, സുദർശൻ, സന്ധ്യ, സോജൻ എന്നിവർ അനുഭവിക്കാൻ പോവുകയാണെന്ന് ദിലീപ് പറഞ്ഞതായി എഫ്‌.ഐ.ആറിലുണ്ട്. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിൽ വെച്ചാണ് ഗൂഡാലോചന നടന്നത്.

തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് പൊലീസ് സ്‌റ്റേഷനിൽ 6/2022 ആയിട്ടാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഐ.പി.സി 116, 118, 120 ബി, 506, 34 എന്നീ വകുപ്പുകളാണ് ചുമത്തിയത്. 2017 നവംബർ 15ന് രാവിലെ പത്തരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് പ്രതികൾ ഗൂഢാലോചന നടത്തിയത്. കേസിലെ ഒന്നാംപ്രതി ഗോപാലകൃഷ്ണൻ എന്ന ദിലീപാണ്. രണ്ടാം പ്രതി ദിലീപിന്റെ സഹോദരൻ അനൂപുമാണ്. ദിലീപിന്റെ ഭാര്യാസഹോദരനായ സുരാജാണ് മൂന്നാം പ്രതി. നാലാം പ്രതി അപ്പു, അഞ്ചാം പ്രതി ബാബു ചെങ്ങമനാട്, ആറാമത്തെ പ്രതി കണ്ടാൽ അറിയാവുന്ന ആൾ എന്നാണ് എഫ്‌.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ പരാതിയിലാണ് എഫ്‌.ഐ.ആർ. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ എട്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്ത വിരോധത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള ഉദ്ദേശ്യത്തോടെ കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ്‌ എഫ്‌.ഐ.ആറിൽ പറയുന്നത്. ഐ.ജി എ.വി. ജോർജിന്റെ വീഡിയോ യൂട്യൂബിൽ ഫ്രീസ് ചെയ്ത് ദൃശ്യങ്ങൾ നോക്കി നിങ്ങൾ അഞ്ച് ഉദ്യോഗസ്ഥർ അനുഭവിക്കാൻ പോവുകയാണെന്ന് ദിലീപ് പറഞ്ഞു. സോജൻ, സുദർശൻ, സന്ധ്യ, ബൈജു പൗലോസ്, പിന്നെ നീ എന്ന രീതിയിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞതെന്നും എഫ്‌.ഐ.ആറിൽ ചൂണ്ടിക്കാണിക്കുന്നു.

ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങളെല്ലാം പൊലീസ് എഫ്‌.ഐ.ആറിൽ ചേർത്തിട്ടുള്ളത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചില ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിരുന്നു. ഈ ഓഡിയോ ക്ലിപ്പുകളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മേൽ ഭീഷണി മുഴക്കുന്നതായ സന്ദേശങ്ങളാണ് പുറത്തുവന്നത്. ദിലീപ് ഭീഷണി മുഴക്കിയതായി ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *