Kerala

ഫയലുകൾ കാണാതായ സംഭവം; ആഭ്യന്തര അന്വേഷണത്തിനൊരുങ്ങി സർക്കാർ

ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഫയലുകൾ കാണാതായ സംഭവത്തിൽ വിശദമായ ആഭ്യന്തര അന്വേഷണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. വകുപ്പിലെ വിജിലൻസ് വിഭാഗമാകും ഇത്‌ സംബന്ധിച്ച് അന്വേഷണം നടത്തുക. കെ എം എസ് സി എൽ രൂപീകൃതമാകുന്നതിനും ഏറെ മുൻപുള്ള ഫയലുകളാണ് നഷ്ടമായത് എന്ന നിലപാടിലും കണ്ടെത്തലിലുമാണ് ഇപ്പോഴും സർക്കാർ.

ആരോ​ഗ്യവകുപ്പ് ഡയറക്ടർ ഓഫീസിൽ നിന്നും ഫയലുകൾ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണത്തിനുള്ള പരിമിതി നേരത്തെതന്നെ ആരോ​ഗ്യ വകുപ്പിനെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് വിശദമായ ആഭ്യന്തര അന്വേഷണം. വിജിലൻസ് വിഭാഗമാകും അന്വേഷിക്കുക. ഫയലുകളിലെ ഉള്ളടക്കം, നഷ്ടമായത് ഏതൊക്കെ ഫയലുകൾ, വീഴ്ച്ച എന്നിവയായിരിക്കും പരിശോധിക്കുക. പ്രാഥമികമായി നടത്തിയ അന്വേഷണത്തിൽ പുതിയ ഫയലുകളൊന്നും നഷ്ടമായില്ലെന്ന നിഗമനത്തിലാണ് വകുപ്പ്.

കെ.എംഎസ് സി എൽ രൂപീകൃതമാവുന്നതിനും മുൻപുള്ള ഫയലുകളെന്നാണ് ഇപ്പോഴും സർക്കാർ ആവർത്തിക്കുന്നത്. 2001 യുഡിഎഫ് കാലത്തേ അടക്കം ഫയലുകൾ ഇതിലുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ചില ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണത്തിന്റെയും നടപടിയുടെയും വിവരങ്ങൾ നഷ്ടപെട്ട ഫലകളിൽ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന. എന്നാൽ അഞ്ഞൂറോളം ഫയലുകളാണ് നഷ്ടമായതെന്ന കണക്ക് നിലനിൽക്കുന്നതിനാൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

ഫയൽനീക്ക നടപടികളവസാനിച്ചതും, നീക്കം ചെയ്യാവുന്ന തരത്തിൽ കാലപ്പഴക്കമെത്തിയതും എന്നാണ് ഫയലുകളെ സർക്കാർ വിശദീകരിക്കുന്നത്. എന്നാൽ കേസുകൾ നിലനിൽക്കുന്നതോ, സർവ്വീസ് രേഖകളോ, വായ്പ്പ ഇടപാടുകൾ സംബന്ധിച്ചുള്ളതോ ആയ ഫയലുകളാണെങ്കിൽ ഈ വാദം നിലനിൽക്കില്ല. എന്തായാലും ഫയലുകൾ സംബന്ധിച്ച ദുരൂഹത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ധനകാര്യ വിഭാ​ഗത്തിന്റെ അന്വേഷണത്തിന് ശേഷമാകും ഇക്കാര്യത്തിൽ വ്യക്തത വരിക.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *