Kerala

കണ്ണൂര്‍ കോർപ്പറേഷൻ പിടിക്കാനൊരുങ്ങി മുന്നണികൾ;അവസാനവട്ട പ്രചാരണം ഊർജ്ജിതം

കണ്ണൂർ കോർപറേഷനിൽ പിടിക്കാനുള്ള അവസാനഘട്ട പ്രചാരണവുമായി മുന്നണികൾ.കഴിഞ്ഞ തവണ തുല്യ സീറ്റുകൾ നേടിയ എൽഡിഎഫിനും യുഡിഎഫിനും ഇത്തവണ വ്യക്തമായ മേൽക്കൈ നേടുകയാണ് ലക്ഷ്യം.കോർപറേഷനിൽ കരുത്ത് തെളിയിച്ച് നിർണായകമാകാൻ സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

കണ്ണൂർ കോർപറേഷനിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം ഇടതു വലതു മുന്നണികൾ മാറി മാറിയാണ് ഭരിച്ചത്.കോൺഗ്രസ് വിമതൻ കാരണം നാല് വർഷം പ്രതിപക്ഷത്തിരിക്കേണ്ടി വന്ന യുഡിഎഫ് ഇത്തവണ ഭരണം കിട്ടുമെന്ന പ്രതീക്ഷയിലാണ്.ഇത്തവണ വിമത ഭീഷണിയും മുന്നണിക്കുള്ളിലെ പ്രശ്‌നങ്ങളും ഒരു പരിധി വരെ ഒഴിവാക്കാൻ കഴിഞ്ഞു എന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ.ഇത്തവണ പരമ്പരാഗത വോട്ടുകൾ ചോരില്ലെന്നും പ്രതീക്ഷിക്കുന്നു.

സ്ഥാനാർത്ഥി നിർണയം നേരത്തെ പൂർത്തിയായതിനാൽ ഇടതുമുന്നണിക്ക് പ്രചാരണത്തിന് കൂടുതൽ സമയം ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്. സിറ്റിംഗ് സീറ്റായ 27 എണ്ണത്തിനൊപ്പം അഞ്ച് സീറ്റുകളെങ്കിലും അധികമായി നേടുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ഉയർത്തിയാണ് പ്രചാരണം.

കോർപ്പറേഷനിലെ രണ്ട് ഡിവിഷനുകളിൽ ബിജെപിയും ശക്തമായ മത്സര കാഴ്ചവയ്ക്കുന്നുണ്ട്. ഇടതു വലതു മുന്നണികൾ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന കോർപറേഷനിൽ നിർണായക ശക്തിയാകുകയാണ് ബിജെപിയുടെ ലക്ഷ്യം. ഓരോ സീറ്റും നിർണായകമാകുന്ന കണ്ണൂർ കോർപറേഷനിൽ അവസാനഘട്ട പ്രചാരണത്തിൽ മേൽക്കൈ നേടാനാണ് മുന്നണികളുടെ ശ്രമം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *