ജയിലില്‍ ഭീഷണിയുണ്ടെന്ന സ്വര്‍ണകള്ളക്കടത്തു കേസ് പ്രതി സ്വപ്നയുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിങ്. അന്വേഷണ ചുമതല ദക്ഷിണമേഖല ജയില്‍ ഡിഐജിക്കാണ്.സംഭവത്തിൽ അന്വേഷണം നടത്തി ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഋഷിരാജ് സിങ് അറിയിച്ചു.ജയിലിൽ എത്തിയ ചിലർ സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേര് വെളിപ്പെടുത്തരുതെന്നും, പേര് പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയതായാണ് സ്വപ്ന മജിസ്ട്രേറ്റിന് നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
ജയിലിലെത്തി തന്നെ ഭീഷണിപ്പെടുത്തിയത് പൊലീസ് ഉദ്യോഗസ്ഥരാണെന്ന് സംശയിക്കുന്നതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. തന്റെയും കുടുംബത്തിന്റെയും ജീവനും സുരക്ഷയ്ക്കും ഭീഷണി ഉണ്ടെന്നും സ്വപ്ന പരാതിയില്‍ വ്യക്തമാക്കുന്നു.സ്വപ്നയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ മജിസ്ട്രേറ്റ് ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, സ്വപ്ന കഴിയുന്ന തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് പരിശോധിക്കാമെന്നാണ് ജയില്‍ വകുപ്പിന്റെ നിലപാട്.നിലവിൽ അട്ടക്കുളങ്ങര വനിത ജയിലിൽ സ്വപ്ന സുരേഷിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. സ്വപ്നയുടെ സെല്ലിന് പുറത്ത് 24 മണിക്കൂറും വനിതാ ഗാർഡും ജയിലിന് പുറത്ത് കൂടുതൽ സായുധ പൊലീസിനേയും വിന്യസിച്ചു.സ്വപ്നയെ എറണാകുളം, വിയ്യൂർ, അട്ടക്കുളങ്ങര എന്നീ ജയിലുകളിലാണ് പാർപ്പിച്ചത്.ഇതിനോടകം അന്വേഷണ ഉദ്യോഗസ്ഥരും, ബന്ധുക്കളും അല്ലാതെ മറ്റാരും സ്വപ്നയെ ജയിലിൽ സന്ദർശിച്ചിട്ടില്ല. ജയിലിൽ സ്വപ്ന ആരൊയൊക്കെ കണ്ടു, വിളിച്ചു എന്നതിന്റെ കൃത്യമായ വിവരങ്ങൾ എൻഐഎയെ അറിയിച്ചിട്ടുണ്ടെന്നും ജയിൽ വകുപ്പ് വ്യക്തമാക്കി.