Editorial

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ്;കണ്ണൂർ കോർപറേഷനിൽ ഇടതിനും വലതിനും തുല്യ സ്വാധീനം;ഫലം പ്രവചനാതീതം

കഴിഞ്ഞ തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് കണ്ണൂർ കോർപ്പറേഷനെക്കുറിച്ച് ആയിരുന്നു. കഴിഞ്ഞ തവണ ഇരുമുന്നണികളും തുല്യസീറ്റ് ആണ് കോർപ്പറേഷനിൽ നേടിയത്. എന്നാൽ ജയിച്ച കോൺഗ്രസ് വിമതന്റെ പിന്തുണയോടെ ഇടതുമുന്നണി കോർപ്പറേഷൻ ഭരണം നേടി. 3 വർഷങ്ങൾക്ക് ശേഷം അതേ സ്വതന്ത്രനെ മുന്നണിയിൽ തിരിച്ചെത്തിച്ച് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു.ഇത്തരത്തിൽ നിരവധി രാഷ്ട്രീയ മാറ്റങ്ങൾക്ക് വേദിയായ കണ്ണൂർ കോർപറേഷൻ ആര് നേടുമെന്നാണ് ഇപ്പോൾ ചർച്ചകൾ.

സ്വതന്ത്രന്റെ ഇഷ്ട പ്രകാരം ഇടതും വലതും ചാടിക്കളിച്ച ഭരണമാണു കഴിഞ്ഞ തവണയെങ്കിൽ ഇക്കുറി സ്ഥിരതയുള്ള ഭരണം ജനങ്ങൾ ആഗ്രഹിക്കുന്നു. ലക്ഷ്യം വെച്ച വികസനം നടത്താൻ ഇരു മുന്നണികൾക്കും സാധിക്കാതെ പോയത് ഭരണത്തിലെ അസ്ഥിരതകൊണ്ടാണെന്ന് ഇരു മുന്നണികളും സമ്മതിക്കുന്നുണ്ട്. ഇഞ്ചോടിഞ്ചു പോരാട്ടമാണ് ഇക്കുറി കോർപറേഷനിൽ നടക്കുന്നത്.ഒരു സീറ്റ് പോലും ഭരണം പിടിക്കാൻ അത്രയേറെ നിർണായകമാകും.

സീറ്റ് നാൽപതിൽ കുറയില്ലെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചെറിയ വോട്ടുകൾക്കു നഷ്‌ടമായ സീറ്റുകൾ നിഷ്പ്രയാസം പിടിക്കാൻ കഴിയുമെന്നും യുഡിഎഫിന്റെ അവകാശവാദം. യുഡിഎഫിലെ പടലപ്പിണക്കങ്ങളും ഗ്രൂപ്പ് തർക്കവും വിമതനീക്കവുമെല്ലാം ചേർന്നാണു കഴിഞ്ഞതവണ പിന്നോട്ടടിച്ചത്.ഇവയെല്ലാം പരിഹരിക്കാൻ കഴിഞ്ഞു എന്ന് അവകാശപ്പെടുമ്പോഴും വിമതർ നിർണായകമാകുന്ന തായത്തെരുവും കാനത്തൂരും ചോദ്യച്ചിഹ്നമാണ്.

കഴിഞ്ഞ തവണ വിജയിച്ച 27 സിറ്റിങ് കൗൺസിലർമാർ അവരുടെ ഡിവിഷനുകളിൽ അഞ്ചു വർഷംകൊണ്ടുണ്ടാക്കിയ ജനസമ്മതിയുമാണ് എൽഡിഎഫ് പ്രതീക്ഷ നൽകുന്നത്. നിലവിലുള്ളവ നിലനിർത്താനും അഞ്ചു ഡിവിഷനുകൾ പിടിച്ചെടുക്കാനുമാകുമെന്നുമാണ് എൽഡിഎഫ് കണക്കുകൂട്ടൽ.കഴിഞ്ഞ തിരഞ്ഞെടുപ്പു ഫലം പോലെ തുല്യമാണ് ഇടതിന്റെയും വലതിന്റെയും സാധ്യതകളുടെ തൂക്കം. അതിനാൽ തന്നെ കണ്ണൂർ കോർപ്പറേഷനിലെ ഫലം പ്രവചനാതീതമാകുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *