ബ്രെയിൻ ട്യൂമറിനോടു പടപൊരുതി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായ നടി ശരണ്യ ശശിക്ക് ആദരാഞ്ജലികളുമായി ടിനി ടോം. ‘ശരണ്യ മോളെ വിട… വേദനകളില്ലാത്ത ഏതെങ്കിലുമൊരു ലോകത്ത് എന്നെങ്കിലും നമുക്ക് കണ്ടുമുട്ടാം’.–ടിനി ടോം കുറിച്ചു. തിരുവനന്തപുരത്തെ സ്നേഹസീമ എന്ന ശരണ്യയുടെ വീട്ടിലെത്തിയാണ് നടൻ ആദരാഞ്ജലികൾ അർപ്പിച്ചത്.
വളരെ ഞെട്ടലോടെയാണ് ശരണ്യയുടെ മരണവാർത്ത അറിഞ്ഞതെന്നും വാർത്ത അറിഞ്ഞ ഉടൻ ശരണ്യയുടെ വീട്ടിലേക്ക് തിരിക്കുകയായിരുന്നുവെന്നും ടിനി പറയുന്നു. ‘വേദന ഇല്ലാത്ത ലോകത്തേക്ക് അവൾ യാത്രയായി എന്ന് വിചാരിച്ച് നമുക്ക് സമാധാനിക്കാം. വേദന ഒരുപാട് സഹിച്ചാണ് അവൾ വിടപറഞ്ഞത്. സ്വന്തമായി ഒരു വീട്ടിൽ സന്തോഷത്തോടെ ജീവിക്കാൻ അവൾക്ക് സാധിച്ചിരുന്നു. സീമ ജി. നായർ ഇവിടെയുണ്ട്. ശരണ്യയ്ക്കു വേണ്ടി കഷ്ടപ്പെട്ടു, അവളുടെ ആയുസിനു വേണ്ടി പ്രാർഥിച്ചു.’
അവൾ വീട് നിർമിച്ച വേളയിൽ ഞാൻ ഇവിടെ വന്നപ്പോൾ അവൾ എന്നോട് ചോദിച്ചത് ഒരു ടിവിയായിരുന്നു. ഞാൻ മേടിച്ചുകൊടുത്ത ആ ടിവി ഇപ്പോഴും ഇവിടെയുണ്ട്. ഇനി അത് കാണാൻ നമ്മുടെ ശരണ്യ ഇല്ല. അവളുടെ ചെറിയൊരു ആഗ്രഹം അന്ന് എനിക്ക് സാധിച്ചുകൊടുക്കാനായി.’–ടിനി ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.