Cinema

‘2007ല്‍ എഴുതിയ നോവൽ, മോഷണവിവരം അറിഞ്ഞത് ചിത്രം ടിവിയിൽ കണ്ടപ്പോൾ’;’ കൈതി’ തന്റെ കഥയെന്ന് കൊല്ലം സ്വദേശി

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കാർത്തി നായകനായി എത്തിയ ചിത്രമാണ് കൈതി.ഇപ്പോഴിതാ തെന്നിന്ത്യയിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രം മോഷ്ടിച്ചതാണെന്ന പരാതിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് കൊല്ലം സ്വദേശി രാജീവ് ഫെർണാണ്ടസ്. ചിത്രത്തിന്റെ ഇതിവൃത്തം 2007ല്‍ താന്‍ എഴുതിയ നോവലില്‍ നിന്ന് പകര്‍ത്തിയതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട് ചെന്നൈയിലെ ജയിലില്‍ കഴിയുന്ന സമയത്തെ അനുഭവങ്ങള്‍ ചേര്‍ത്താണ് രാജീവ് നോവൽ എഴുതുന്നത്.ഒരു തമിഴ് നിർമാതാവ് ഇത് സിനിമയാക്കാമെന്ന് പറഞ്ഞ് അഡ്വാൻസ് തന്നതാണ്. ലോക്ക്ഡൗൺ സമയത്ത് കൈതി ടിവിയിൽ കണ്ടപ്പോഴാണ് തന്റെ കഥ സിനിമയായ വിവരം അറിയുന്നതെന്നും രാജീവ് വ്യക്തമാക്കുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടാണ് രാജീവ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ നിര്‍മാതാക്കള്‍ക്ക് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നോട്ടീസ് അയച്ചു. എഴുതിയ കഥയുടെ കൈയെഴുത്ത് പ്രതിയുടെ പകര്‍പ്പ് ഉൾപ്പെടെയുള്ള രേഖകള്‍ രാജീവ് കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്. രാജീവിന്‍റെ കഥയുടെ അടിസ്ഥാനത്തില്‍ സിനിമയുടെ രണ്ടാം ഭാഗം ഇറക്കരുതെന്നാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍മാതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.അതോടൊപ്പം ഉയർന്നിരിക്കുന്ന പരാതിയില്‍ വിശദീകരണം നല്‍കാന്‍ നിര്‍മാതാക്കള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി 2019ലാണ് റിലീസ് ചെയ്തത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *