Cinema

മലയാളത്തിന്റെ താര രാജാവിന് ഇന്ന് അറുപത്തിയൊന്നാം പിറന്നാൾ; ആഘോഷമാക്കി ആരാധകർ

മലയാള സിനിമയുടെ താര രാജാവ് മോഹൻലാലിന് ഇന്ന് അറുപത്തിയൊന്നാം പിറന്നാൾ. ഇതിഹാസതാരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് സിനിമാലോകവും ലോകമെമ്പാടുമുള്ള ആരാധകരും.അടച്ചു പൂട്ടലിനിടെ ആയിരുന്നു താരത്തിന്റെ അറുപതാം പിറന്നാള്‍. ലോക്ഡോണ്‍ തുടരുന്നതിനിടെ മറ്റൊരു ജന്മദിനം കൂടി.കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ കൊല്ലവും വലിയ ആഘോഷങ്ങൾ ഒന്നും ഇല്ലെങ്കിലും ഇന്നലെ രാത്രി മുതൽ തന്നെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ആശംസകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.ആരാധകർ മാത്രമല്ല മമ്മൂട്ടി അടക്കമുള്ള സിനിമാ താരങ്ങളും തങ്ങളുടെ പ്രിയ ‘ലാലേട്ടന്’ ആശംസകൾ നേർന്ന് രംഗത്ത് എത്തിയിരുന്നു.

നാലു പതിറ്റാണ്ടിലതികമായി മുന്നൂറിലേറെ കഥാപാത്രങ്ങളായി ജീവിച്ച് മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്ന്, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനില്‍ നിന്ന്, മലയാളത്തിന്റെ മഹാനടനായി മാറിയ താരമാണ് മോഹന്‍ലാല്‍.ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാകാൻ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു.ടിപി ബാലഗോപാലനും ദാസനും ജോജിയും സേതുമാധവനും സുധിയും മണ്ണാറത്തൊടി ജയകൃഷ്ണനും കുഞ്ഞികുട്ടനും പുലിമുരുകനുമെല്ലാം മായാതെ, തിളക്കത്തോടെ ഇന്നും പ്രേക്ഷകരുടെ കണ്‍മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു.

മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹൻലാൽ. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *