Cinema

‘ജോര്‍ജുകുട്ടി അത് ശ്രദ്ധിച്ചില്ല എന്നത് വിരോധാഭാസം,പറഞ്ഞതെല്ലാം വിശ്വാസയോഗ്യമല്ല’;ജിത്തുജോസഫിന് അഭിഭാഷകന്റെ തുറന്ന കത്ത്!

ജിത്തു ജോസഫിന് ഒരു തുറന്ന കത്തുമായി കലാകാരനായ അഭിഭാഷകൻ രംഗത്ത്. അഭിഭാഷകരുടെ ഇടയിലെ കലാകാരൻ, കലാകാരൻമാരിലെ അഭിഭാഷകൻ. ഈ വിശേഷണം ഏറ്റവും അനുയോജ്യമാക്കുന്നത് ദീപക് ട്വിങ്കിൾ സനലിന് തന്നെയാണ്. കലാഭവൻ, നർമ്മകല, തുടങ്ങിയ മിമിക്രി സംഘടനകളിലൂടെ പ്രശസ്തനായ വ്യക്തിയാണ് ദീപക് ട്വിങ്കിൾ സനൽ . പിന്നീട് അദ്ദേഹം എൽഎൽബി പഠനത്തിനുശേഷം വക്കീൽ ജോലിയിൽ പ്രവേശിച്ചു.

ഇന്ദുമുഖി ചന്ദ്രമതി ,മൈ മരുമകൻ, തുടങ്ങി സീരിയലിൽ ചെറിയതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തു. കൂടാതെ കോമഡി ഉത്സവം പരിപാടിയിൽ മിമിക്രി ആർട്ടിസ്റ്റ് ആയി പങ്കെടുത്തു. സ്വപ്നം ഫ്രം കാലിഫോർണിയ, നാഗമാണിക്യം ,ഹാപ്പി ന്യൂ ഇയർ ,തുടങ്ങിയ ഷോർട്ട് ഫിലിമുകൾക്ക്‌ തിരക്കഥയും, സംവിധാനവും ,അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്. നിലവിൽ ദീപക് ഒരു സിനിമ തിരക്കഥയുടെ തിരക്കിലാണ് .ഇപ്പോൾ വൈറലാകുന്നത് ജിത്തുജോസഫ് അദ്ദേഹം എഴുതിയ ഒരു തുറന്ന കത്താണ്. ‘ദൃശ്യം 2’ എന്ന ജിത്തു ജോസഫ് അണിയിച്ചൊരുക്കിയ ചിത്രത്തിലെ പോരായ്മകൾ അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞിരിക്കുകയാണ്. തന്റെ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇദ്ദേഹം കത്ത് പങ്കുവെച്ചത്. ലോകത്തിന്റെ പരിപൂർണരൂപം ഇങ്ങനെ.ബഹുമാനപ്പെട്ട ജിത്തുജോസഫ് സാറിന് അഭിഭാഷകൻ കൂടിയായ ദീപക് ട്വിങ്കിൾ സനൽ എഴുതുന്ന തുറന്ന കത്ത്…..

സാറ് സംവിധാനം ചെയ്ത ദൃശ്യം 1, ദൃശ്യം 2 എന്നീ രണ്ടു സിനിമകളും എനിക്ക് ഒരുപാട് ഇഷ്ടപ്പെടുകയും ആ ഇഷ്ടങ്ങൾ സോഷ്യൽ മീഡിയയിലൂടെ പല സന്ദർഭങ്ങളിലും ഞാൻ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്.💞

എന്നാൽ ഞാൻ ഇപ്പോൾ ഒരു കത്ത് എഴുതാൻ കാരണം ദൃശ്യം 2 ഇറങ്ങിയതിനു ശേഷം അതിലെ ക്ലൈമാക്സ്‌ ലെ കുറച്ചു തെറ്റുകൾ (പോലീസ് സ്റ്റേഷന്റെ ഉള്ളിൽ കുഴിച്ചിട്ട വരുണിന്റെ അസ്ഥികൂടം പോലീസ് കണ്ടെടുത്ത് തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ഫോറൻസിക് ലാബിലേക്ക് പോലീസ് കൊണ്ടുപോകുന്നത് ഒരു കാർഡ് ബോർഡ്
പെട്ടിക്കകത്ത് ആണെന്ന് തെറ്റ് )
പ്രേക്ഷകർ ചൂണ്ടി കാണിച്ചപ്പോൾ താങ്കൾ നടത്തിയ പ്രസ്താവന സമൂഹത്തെ തെറ്റായ ദിശയിലേക്ക് കൊണ്ടുപോകുമെന്ന് ഉള്ളതുകൊണ്ടാണ് ഞാനീ കത്തെഴുതുന്നത്. 👇

താങ്കളത് കോട്ടയം മെഡിക്കൽ കോളേജിൽ നേരിട്ട് അന്വേഷിച്ചത് ആണെന്നും മിക്കവാറും സീൽ വയ്ക്കാതെയാണ് പല കാര്യങ്ങളും ലാബിലേക്ക് കൊണ്ടുവരുന്നത് എന്നും അവിടെ സിസിടിവി ക്യാമറ ഇല്ല എന്നും മറ്റുമാണ് മറുപടി പറഞ്ഞത്. ക്രിമിനൽ നിയമത്തിൽ വർഷങ്ങളായി പരിചയമുള്ള എനിക്ക് ഈ മറുപടി ഒട്ടും വി ശ്വാസയോഗ്യമായി തോന്നിയില്ല. കാരണം താഴെ പറയുന്നവയാണ്.

(1) കുറ്റവാളി എന്ന് സംശയിക്കുന്ന ഒരാൾക്കെതിരെ ഉള്ള തെളിവുകൾ ലഭിക്കുമ്പോൾ അത് നേരെ ഫോറൻസിക് ലാബിലേക്ക് അല്ല കൊണ്ടുപോകുന്നത് മറിച്ച് പ്രസ്തുത പോലീസ് സ്റ്റേഷനിൽ അധികാരപരിധിയിലുള്ള ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലേക്കും അവിടെ നിന്ന് ഉത്തരവ് വാങ്ങി അവിടുന്ന് കോടതിയുടെ ലെറ്റർ ഹെഡ് ഉൾപ്പെടെ പ്ലാസ്റ്റിക് കവറിലാക്കി സീൽ വച്ചാണ് ഫോറൻസിക് ലാബിലേക്കോ ഡിഎൻഎ ലാബിലേക്കോ കൊണ്ടുപോകുന്നത്.

( 2 )താങ്കളുടെ സിനിമയിലെ മുരളി ഗോപി അവതരിപ്പിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പലപ്പോഴും ‘സിസ്റ്റമാറ്റിക്ക് സപ്പോർട്ട്’ കിട്ടുന്നില്ല എന്ന് പറയുന്നത് ഒരു വാദത്തിനായി ഉന്നയിച്ചാൽ പോലും ആറുവർഷമായി കേരള സമൂഹത്തിനു മുന്നിൽ പോലീസിനെ വട്ടം ചുറ്റിച്ചു പോലിസുകാരെ അപഹാസ്യരാക്കിയ ജോർജുകുട്ടി എന്ന കൂറ്റാരോപിതന് എതിരായി ആകപ്പാടെ കിട്ടിയ അസ്ഥികൂടം എന്ന് തെളിവ് ഇത്രയും ലാഘവത്തോടെ പോലീസ് കൈകാര്യം ചെയ്യുമോ? 🤔

കോടതിയുടെ അനുമതിയില്ലാതെ ലാബിലേക്ക് അയച്ച ഫോറൻസിക് റിപ്പോർട്ടിനും
ഡിഎൻഎ റിപ്പോർട്ടിനും എന്തെങ്കിലും എവിടെൻഷറി വാല്യൂ ഉണ്ടോ?.. 🤔

പോലീസ് അധികൃതർ തെളിവുകളിൽ കൃത്രിമം കാണിക്കാതിരിക്കാൻ വേണ്ടിയിട്ടാണ് ഇത്തരത്തിൽ നിയമങ്ങൾ അതായത് ക്രിമിനൽ നടപടി നിയമം, ക്രിമിനൽ റൂൾസ്‌ ഓഫ് പ്രാക്ടീസ് എന്നീ നിയമങ്ങൾ ബ്രിട്ടീഷുകാരുടെ ഭരണ കാലഘട്ടം മുതൽക്കേ എഴുതിവച്ചിരിക്കുന്നത്. ‘സിസ്റ്റമാറ്റിക് സപ്പോർട്ട് ‘കിട്ടിയില്ല എന്ന കഥാപാത്രത്തെ കൊണ്ട് എത്രത്തോളം പറഞ്ഞാലും കോടതി നടപടികളെ മാറ്റിനിർത്തിക്കൊണ്ട് പോലീസ് എന്തെങ്കിലും ചെയ്യാനാകുമോ? 🤔

സിനിമയിൽ പല സന്ദർഭങ്ങളിലും ജോർജ് കുട്ടിക്ക് ഭാഗ്യം തുണച്ചതുകൊണ്ടാണ് തെളിവുകൾ കൃത്രിമമായി ഉണ്ടാക്കാൻ സാധിച്ചതെന്ന് താങ്കൾ സായികുമാർ അവതരിപ്പിച്ച കഥാപാത്രത്തെ കൊണ്ട് പറയിപ്പിക്കുന്നു എന്നാൽ കോടതി നടപടികൾ ജോർജുകുട്ടിയുടെ ഭാഗ്യത്തിന് ഒപ്പം വളഞ്ഞു കൊടുക്കില്ല എന്ന് താങ്കളിലെ എഴുത്തുകാരൻ മനസ്സിലാക്കണമായിരുന്നു. 🤭

അടുത്ത മറ്റൊരു പ്രധാന തെറ്റിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു.
മുരളി ഗോപി അവതരിപ്പിക്കുന്ന ഐപിഎസ് കഥാപാത്രം ഇങ്ങനെ പറയുന്നു “രണ്ടുതവണ കോടതിയുടെ അനുവാദത്തോടുകൂടി അയാളെയും കുടുംബത്തെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു ഒന്നും കിട്ടിയില്ലെന്ന് മാത്രമല്ല ഇനിയൊരു solid evidence ഇല്ലാതെ കോടതിയിലേക്ക് വരരുതെന്ന് കോടതി താക്കീതു നൽകി”.കാര്യങ്ങൾ ഇത്രയും ഗൗരവം ആണെന്നിരിക്കെ ജയിൽശിക്ഷ കഴിഞ്ഞ് വന്ന ഒരാൾ സംഭവ ദിവസം അതിരാവിലെ നാലുമണിക്ക് ജോർജുകുട്ടി പണിതീരാത്ത പോലീസ് സ്റ്റേഷനിൽ നിന്നും കൈക്കോട്ടുമായി ഇറങ്ങി വരുന്നത് കണ്ടു എന്ന മൊഴിയുടെ അടിസ്ഥാനത്തിലും പോലീസ് സ്റ്റേഷനുള്ളിലെ ഭൂമി കുഴിച്ചപ്പോൾ ഒരു അസ്ഥികൂടം കണ്ടെത്തി എന്ന് പോലീസിൻറെ മൊഴിയുടെ അടിസ്ഥാനത്തിലും മാത്രം പല തവണ കബളിപ്പിക്കപ്പെട്ട പോലീസിന് ജോർജുകുട്ടിയെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകി എന്നു പറയുന്നത് ഒരു വിധത്തിലും വിശ്വാസയോഗ്യമല്ല. അത്തരത്തിൽ ജോർജുകുട്ടിയെ ചോദ്യം ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും കോടതി അനുമതി നൽകണമെങ്കിൽ പോലീസ് സ്റ്റേഷനുള്ളിലെ ഭൂമിക്കടിയിൽ നിന്നും കിട്ടിയ അസ്ഥികൂടം വരുണിന്റേതാണെന്നു ഡിഎൻഎ റിപ്പോർട്ട് സ്ഥിരീകരിക്കണം. റിപ്പോർട്ട് വരുന്നത് പോലും വരുൺ കൊലപാതക കേസിലെ കസ്റ്റഡി ആപ്ലിക്കേഷനിൽ വാദം കേൾക്കുമ്പോഴാണ്. ഇത്തരം കോടതിനടപടികളൊക്കെ അസ്വാഭാവികം ആണെന്ന് മാത്രമേ പറയുവാൻ സാധിക്കുകയുള്ളൂ. 🙄

സിനിമയുടെ സ്വാതന്ത്ര്യ ഉപയോഗിച്ച് അങ്ങനെ ഒരു രംഗം സംവിധായകൻ എന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും താങ്കൾക്ക് തിരുകികയറ്റണമെങ്കിൽ പോലും മുരളി ഗോപി അവതരിപ്പിച്ച കഥാപാത്രം “സോളിഡ് എവിഡൻസ് ഇല്ലാതെ കോടതിയിലേക്ക് വരരുത് എന്ന് കോടതി താക്കീത് നൽകി “എന്നുള്ള ഡയലോഗ് ഒഴിവാക്കണമായിരുന്നു.🤨

സിനിമയിൽ മറ്റൊരു സന്ദർഭത്തിൽ വരുണിന്റെ മൃതദേഹം കുഴിച്ചിട്ട സ്ഥലം പരിശോധിച്ചപ്പോൾ “ഫോറൻസിക് ലാബിലേക്ക് അയക്കുന്നതിന് വേണ്ടി തലമുടിയും മറ്റു ശരീര അവശിഷ്ടങ്ങളും ലഭിക്കുമോ എന്നറിയാൻ ആ ഭാഗം കുഴിച്ചു പരിശോധിച്ചു നോക്കിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല” എന്ന പോലീസ് കഥാപാത്രം പറയുന്നുണ്ട്. കൂടാതെ ഒരു മണിക്കൂർ കൊണ്ടാണ് മൃതദേഹം അവിടുന്ന് മാറ്റിയതെന്നും പോലീസ് കഥാപാത്രം പറയുന്നു അങ്ങനെ ഒരു തുമ്പും അവശേഷിപ്പിക്കാതെ ഒരു മണിക്കൂറുകൊണ്ട് മൃതദേഹം മാറ്റണമെങ്കിൽ സൂപ്പർമാനിൽ മാൻഡ്രേക്കിന് ജനിച്ച കുട്ടി ആയിരിക്കണം ജോർജ്ജുകുട്ടി. 😜

സിനിമ അവസാനിക്കുമ്പോൾ മുരളി ഗോപിയുടെ ഐപിഎസ് കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട് “സത്യത്തിൽ നമ്മൾ അയാളെ അല്ല നിരീക്ഷിച്ചു കൊണ്ടിരുന്നത് അയാൾ നമ്മളെ ആണ് “.അത്രയ്ക്കും നിരീക്ഷണ പാടവവും ഉള്ള ജോർജുകുട്ടി തൻറെ വീടിൻറെ തൊട്ടടുത്തുള്ള സ്ഥലം വാങ്ങി വീട് വെച്ച് താമസിക്കുന്ന ഷാഡോ പോലീസുകാരനെയും പോലീസുകാരിയെയും നീരീക്ഷിച്ചില്ല എന്നു പറയുമ്പോൾ കഥാപാതത്തിന്റെ build up ൽ ഒരു അപാകത തോന്നുന്നു. 🧐

ജോർജ് കുട്ടി യുടെ വീട്ടിലെ കാര്യങ്ങളും സംഭാഷണങ്ങളും ശ്രദ്ധിക്കുന്നതിനുവേണ്ടി മൂത്തമകളുടെ ബെഡ്റൂമിലും ജോർജ് കൂടിയുടെയും ഭാര്യയുടെയും ബെഡ്റൂമിലും ഡൈനിങ് ഹാളിലും ട്രാക്കിംഗ് സിസ്റ്റം പോലുള്ള മൈക്രോഫോൺ ഘടിപ്പിച്ചിരിക്കുന്നത് നിരീക്ഷണ പാടവമുള്ള ജോർജ് കുട്ടി ശ്രദ്ധിച്ചില്ല എന്ന് പറയുന്നത് വിരോധഭാസമായി തോന്നി. മാത്രമല്ല വനിതാ പോലീസുകാരിയെ വീട്ടിലെത്തി ഇഷ്ടം പോലെ വിഹരിക്കാനും സ്വാതന്ത്ര്യം കൊടുക്കുന്നുണ്ട് വിശാല മനസുള്ള ജോർജ്ജുകുട്ടി.😍

സാധാരണ ഒരു തട്ടുപൊളിപ്പൻ സിനിമ ആയിരുന്നു ദൃശ്യം 2 എങ്കിൽ ഇത്തരത്തിൽ ഞാൻ ഒരു കത്തെഴുതി ഇല്ലായിരുന്നു.വരുണിന്റെ മൃതദേഹ അവശിഷ്ടങ്ങൾ പോലീസ് വണ്ടിയിൽ കൊണ്ടുപോകുമ്പോൾ ഹെലികോപ്റ്ററിലൂടെ പറന്നുവന്ന് ജോർജ് കുട്ടി, പോലീസ് ജീപ്പിൽ ചാടിക്കയറി പോലീസുകാരെ വെടിവെച്ചു കൊന്ന് അസ്ഥികൂടം മാറ്റുന്ന രീതിയിലാണ് ചിത്രീകരിച്ചിരുന്നതെങ്കിൽ കേരളത്തിലെ ജനത ഒരിക്കലും ഈ കഥ അനുകരിക്കുകയോ അംഗീകരിക്കുകയോ ഇല്ലായിരുന്നു. മറിച്ച് വളരെ സ്വാഭാവികമായി ജീവിതത്തിലും സമൂഹത്തിലും സംഭവിക്കാവുന്ന രീതിയിൽ ചിത്രീകരിക്കുകയും കൂടാതെ ഞാനിതെല്ലാം അന്വേഷിച്ചു പഠിച്ചു ചെയ്തതാണെന്നും പോലീസിന്റെ തെളിവുകളിൽ നമുക്ക് നിഷ്പ്രയാസം കൃത്രിമത്വം കാണിക്കാം എന്നുമുള്ള പരസ്യമായ താങ്കളുടെ പ്രസ്താവനയും കണക്കിലെടുക്കുമ്പോൾ കേരളത്തിൽ ഒരു ചെറിയ വിഭാഗമെങ്കിലും കുറ്റം ചെയ്യുകയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും കൃത്രിമമായി തെളിവുകൾ ഉണ്ടാക്കാൻ ഉള്ള സാധ്യത വളരെയേറെ ആയത് കൊണ്ടും അത് ഇപ്പോഴുള്ള പോലീസ് സിസ്റ്റത്തിലും ജുഡീഷ്യൽ സിസ്റ്റത്തിലും ഉള്ള വെല്ലുവിളിയായി മാറാൻ സാധ്യത ഉള്ളത് കൊണ്ടും മാത്രമാണ് ഇത്രയും തുറന്നു എഴുതേണ്ടി വന്നത്. 😢

ദൃശ്യം1ൽ സംഭവിച്ച തെറ്റുകൾ പ്രേക്ഷകർ ചൂണ്ടിക്കാണിച്ചപ്പോൾ താങ്കൾ അതിൻറെ തുടർന്നുവന്ന റീമേക്കുകളിൽ അത്തരം തെറ്റുകൾ ഒഴിവാക്കിയത് പോലെ ഇത്തരം തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് നല്ല അർത്ഥത്തിൽ എടുത്ത് തുടർന്നുള്ള റീമേക്കിലും മൂന്നാം ഭാഗത്തിലും തെറ്റുകൾ ഒഴിവാക്കി മികച്ച സിനിമകൾക്ക് തിരക്കഥ എഴുതുവാനും സംവിധാനം ചെയ്യുവാനും താങ്കൾക്ക് കഴിയട്ടെ എന്ന് ആത്മാർത്ഥമായി
ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു 💞

ഇപ്പഴും എന്റെ favourate movie താങ്കളുടെ ദൃശ്യം 1തന്നെ യാണ്. ♥️

NB: ആറ്റുകാൽ പൊങ്കാല ഒക്കെ വരികയാണ്. എല്ലാ പൊങ്കാലയും ഇങ്ങോട്ടേക്ക് തള്ളരുത്. കുറച്ചു ബാക്കി വെച്ചേക്കണം. 😃

ബഹുമാനപ്പെട്ട ജിത്തുജോസഫ് സാറിന് അഭിഭാഷകൻ കൂടിയായ ദീപക് ട്വിങ്കിൾ സനൽ എഴുതുന്ന തുറന്ന കത്ത്..✍️

സാറ് സംവിധാനം ചെയ്ത…

Posted by Deepak Sanal on Tuesday, 23 February 2021

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *