അഭിനേതാക്കളെ തേടിയുള്ള പലതരം കാസ്റ്റിംഗ് കോളുകൾ നമ്മൾ കണ്ടിട്ടുണ്ട്.എന്നാൽ ഇപ്പോഴിതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു കാസ്റ്റിങ് കോൾ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.മധുബാല പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം ‘എന്നിട്ട് അവസാനം ഇറ്റ് ബിഗിൻസിന്റെ’ അണിയറ പ്രവർത്തകരാണ് രസകരമായ വിഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്. ഡയലോഗും റാപ്പ് സോങ്ങും നാടകീയതയുമൊക്കെയായി വീഡിയോ അതിഗംഭീരമാണ്.
റിജക്ഷൻ റാപ് എന്ന പേരിലൊരു ഗാനത്തിനൊപ്പമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.സിനിമയിലേക്ക് അവസരം തേടി അലഞ്ഞ് നിരാശനായി ആത്മഹത്യക്ക് ശ്രമിക്കുന്ന യുവാവിനെയാണ് വിഡിയോയിൽ ചിത്രീകരിക്കുന്നത്. സിനിമ എന്ന സ്വപ്നവുമായി നടക്കുന്ന തനിക്ക് നേരിടേണ്ടി വന്നത് പരിഹാസമാണെന്നും യുവാവ് വിഡിയോയിൽ പറയുന്നു. പാലത്തിന് മുകളിൽ നിന്ന് വെള്ളത്തിലേക്ക് എടുത്തുചാടുന്നുണ്ടെങ്കിലും സംഭവിക്കുന്നത് മറ്റൊന്നാണ്. നിങ്ങൾ സിനിമയെ വിട്ടാലും സിനിമ നിങ്ങളെ വിടില്ലെന്ന ക്യാപ്ഷ്യനോടെയാണ് കാസ്റ്റിങ്ങ് കോൾ പ്രത്യക്ഷപ്പെടുന്നത്.
പതിനഞ്ച് വയസ്സ് മുതൽ അൻപത് വയസ്സ് വരെയുള്ള ആൺകുട്ടികളെയും പുരുഷന്മാരെയും പെൺകുട്ടികളെയും സ്ത്രീകളെയും അറുപത് വയസ്സിന് മുകളിലുള്ള പുരുഷന്മാരെയും സ്ത്രീകളെയുമാണ് സിനിമയ്ക്കായി അണിയറപ്രവർത്തകർ തേടുന്നത്.