Sports

യൂറോയില്‍ അസൂറിക്കുതിപ്പ്; സ്പെയിനിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ കീഴടക്കി ഇറ്റലി ഫൈനലിൽ

വെംബ്ലി: യൂറോ കപ്പില്‍ അസൂറിപ്പടയുടെ വൻ കുതിപ്പ്. സ്പെയിനിനെ സെമിയിലെ ഷൂട്ടൗട്ടിൽ കീഴടക്കി ഇറ്റലി ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു. 4-2 ആണ് ഇറ്റലിയുടെ വിജയം.

ഷൂട്ടൗട്ടില്‍ മിന്നും പ്രകടനം കാഴ്ചവെച്ച ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയി ഡോണറുമ്മയുടെ കരുത്തിലാണ് അസൂറിപ്പട ഫൈനലിലേക്ക് കുതിച്ച്കയറിയത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

നിശ്ചിത സമയത്ത് സ്‌പെയിനിനായി ആല്‍വാരോ മൊറാട്ടയും ഇറ്റലിയ്ക്കായി ഫെഡറിക്കോ കിയേസയുമാണ് ഗോള്‍ നേടിയത്. 60-ാം മിനുട്ടിൽ കിയേസയിലൂടെ ഇറ്റലി മുന്നിലെത്തി. എന്നാൽ 80–ാം മിനിറ്റിൽ മൊറാട്ടയിലൂടെ സ്പെയിൻ സമനില പിടിച്ചു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഇറ്റലിയ്ക്കായി ആന്‍ഡ്രിയ ബെലോട്ടി, ലിയോണാര്‍ഡോ ബൊനൂച്ചി, ഫെഡറിക്കോ ബെര്‍ണാര്‍ഡ്‌സ്‌കി, ജോര്‍ജീന്യോ എന്നിവര്‍ ഗോൾ വല കുലുക്കി.

അതേസമയം സ്‌പെയിനിനായി ജെറാര്‍ഡ് മൊറേനോ, തിയാഗോ അലകാന്‍ടാറ എന്നിവര്‍ക്ക് മാത്രമേ ​ഗോൾ കണ്ടെത്തതാണ് കഴിഞ്ഞൊള്ളു. ഡാനി ഓല്‍മോയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നപ്പോള്‍, നിശ്ചിത സമയത്ത് ​ഗോൾ നേടിയ ആല്‍വാരോ മൊറാട്ടയുടെ കിക്ക് ഗോള്‍കീപ്പര്‍ ഡോണറുമ്മ തട്ടിയകറ്റി.

ഇംഗ്ലണ്ട്-ഡെന്മാര്‍ക്ക് സെമി ഫൈനല്‍ മത്സരത്തിലെ വിജയിയെ ഫൈനലില്‍ ഇറ്റലി നേരിടും. ഈ വിജയത്തോടെ തുടര്‍ച്ചയായി 33 മത്സരങ്ങളിലാണ് ഇറ്റലി തോല്‍വിയറിയാതെ മുന്നേറുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *