Special

കാറിന്റെ ഗ്ലാസിൽ പെരുമ്പാമ്പ്;വൈപ്പർ ഇട്ട് ഓടിച്ച് ദമ്പതികള്‍

ഓടുന്ന കാറിന്റെ മുൻ ഗ്ലാസ്സിലേക്ക് ഇഴഞ്ഞെത്തിയ പെരുമ്പാമ്പിനെ വൈപ്പർ ഉപയോഗിച്ച് മാറ്റുന്ന ദമ്പതികളുടെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. വാഹനം നിർത്തി പാമ്പിനെ മാറ്റുന്നതിന് പകരം വൈപ്പർ ഉപയോ​ഗിച്ച് പാമ്പിനെ ഒഴിവാക്കാൻ ശ്രമിച്ച ദമ്പതികളുടെ പ്രവർത്തിക്കെതിരെ വ്യാപക വിമർശനവും പ്രതിഷേധവുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

സംഭവം നടക്കുന്നത് ഓസ്ട്രേലിയയിലാണ്. ദമ്പതികളായ മെലിസ ഹുഡ്സണും റോഡ്നി ഗ്രിഗ്സും ബ്രൂസ് ഹൈവേയിൽ നിന്ന് അലിഗേറ്റർ ക്രീക്കിലേക്ക് പോകുന്നതിനിടയിലാണ് കാറിന്റെ മുൻപിലേക്ക് കൂറ്റൻ പാമ്പ് ഇഴഞ്ഞെത്തിയത്.

പാമ്പിനെ കണ്ടിട്ടും ഇവർ കാർ നിർത്തിയില്ല. പകരം കാറിന്റെ വൈപ്പർ ഓൺ ആക്കി അതിനെ അടിച്ച് താഴേക്ക് വിടുകയാണ് ചെയ്തത്. വീണ്ടും മുകളിലേക്കിഴയാൻ ശ്രമിച്ച പെരുമ്പാമ്പിനെ വൈപ്പർ കൊണ്ട് തന്നെ ഇവർ തടുത്തു.

തുടർന്ന് പാമ്പ് വിൻഡോ ഗ്ലാസിന്റെ വശത്തേക്ക് ഇഴഞ്ഞു നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ മിണ്ടാപ്രാണിയെ വൈപ്പർ ഉപയോഗിച്ച് ഉപദ്രവിച്ചതിനാണ് ദമ്പതികൾ വിമർശനം നേരിടുകയാണ്. ഇവർക്കെതിരെ വ്യാപക പ്രതിഷേധമാണ് കമെന്റുകളിലൂടെ വ്യക്തമാകുന്നത്.

എന്നാൽ ,സംഭവം വിവാദമായതോടെ പ്രതികരണവുമായി ദമ്പതികൾ തന്നെ രംഗത്ത് എത്തി. പെട്ടന്ന് പാമ്പിനെ കണ്ടപ്പോൾ ഒരു നിമിഷം ഭയന്നുവെന്നും അത് ഇഴഞ്ഞ് കാറിനകത്തേക്കു കയറുമോയെന്ന് ഭയന്നാണ് വൈപ്പർ ഓൺ ആക്കിയതെന്നുമാണ് ദമ്പതികളുടെ വിശദീകരണം. അടുത്തു തന്നെയുള്ള ട്രാഫിക്ക് സിഗ്നലിലെത്തി പോലീസിന്റെ സഹായത്തോടെ പാമ്പിനെ വണ്ടിയിൽ നിന്ന് മാറ്റുകയും ചെയ്തതായും ഇവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *