ന്യൂഡൽഹി: ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു വാഷിങ്ടൺ സുന്ദറിന്റെ അരങ്ങേറ്റം.കളിയിലേക്കുള്ള വരവ് അപ്രതീക്ഷിതമായിരുന്നു എങ്കിലും ഗബ്ബയിൽ രാജ്യത്തിന്റെ വിജയ ശിൽപികളിൽ ഒരാളായാണ് സുന്ദർ ഓസ്ട്രേലിയയിൽ നിന്ന് മടങ്ങിയത്.
പ്ലേയിങ് ഇലവനിൽ സുന്ദറിനെ ഇറക്കേണ്ടി വന്ന സമയം ടെസ്റ്റ് കളിക്കാൻ ലെഗ് പാഡുകൾ വാഷിങ്ടൺ സുന്ദറിന് ഉണ്ടായിരുന്നില്ലെന്നാണ് ഇന്ത്യയുടെ ഫീൽഡിങ് കോച്ച് ആർ ശ്രീധർ പറയുന്നത്.മറ്റു ടീം അംഗങ്ങളുടെ പാഡുകളിൽ നിന്ന് എടുത്ത് നോക്കിയെങ്കിലും ഉയരം കൂടുതലുള്ള സുന്ദറിന് അതൊന്നും ചേരുന്നതല്ലായിരുന്നു.
ഓസ്ട്രേലിയൻ കളിക്കാരിൽ നിന്നും പാഡുകൾ വാഷിങ്ടൺ സുന്ദറിനായി നോക്കി. എന്നാൽ കോറോണയെ തുടർന്ന് പാഡുകൾ കൈമാറാൻ സാധിക്കില്ലെന്ന് അവർ പറഞ്ഞു. ഒടുവിൽ കളി തുടങ്ങിയതിന് ശേഷം കടയിൽ പോയി സുന്ദറിനായി പാഡ് വാങ്ങിക്കൊണ്ട് വരികയായിരുന്നു, ആർ ശ്രീധർ വ്യക്തമാക്കുന്നു.
കുൽദീപ് യാദവ് പ്ലേയിങ് ഇലവനിലേക്ക് ഗബ്ബയിൽ വരുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ വാഷിങ്ടണിനുള്ള മികവ് കൂടി പരിഗണിച്ചപ്പോൾ കുൽദീപിന് മാറി നിൽക്കേണ്ടി വന്നു. രവീന്ദ്ര ജഡേജ ഇല്ലാത്ത വിടവ് നികത്താനും വാഷിങ്ടൺ സുന്ദറിന് സാധിച്ചു.