National

മാസം അഞ്ചുകിലോ സൗജന്യ ഭക്ഷ്യധാന്യം; ഗരീബ് കല്യാണ്‍ അന്നയോജന മാര്‍ച്ച് വരെ നീട്ടി

കൊറോണ കാലത്ത് ജനങ്ങൾക്ക് ആശ്വാസം പകരാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഗരീബ് കല്യാൺ അന്നയോജന പദ്ധതി നീട്ടി. കോവിഡ് കേസുകൾ കുറയുകയും സമ്പദ് വ്യവസ്ഥ പൂർവ്വ സ്ഥിതിയിലേക്ക് തിരികെ വരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ പദ്ധതി നീട്ടില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പദ്ധതി മാർച്ച് വരെ നീട്ടാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിലാണ് പാവപ്പെട്ടവർക്ക് ഭക്ഷ്യധാന്യം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രഖ്യാപിച്ചത്. മാസം അഞ്ചുകിലോ വീതം ഭക്ഷ്യധാന്യം പാവപ്പെട്ടവരുടെ ഇടയിൽ സൗജന്യമായി വിതരണം ചെയ്യുന്നതാണ് പദ്ധതി. 80 കോടി ഗുണഭോക്താക്കൾക്ക് ഗുണം ചെയ്യുന്ന പദ്ധതി വിവിധ ഘട്ടങ്ങളിലായി നവംബർ 30 വരെ നീട്ടിയിരുന്നു. ഇതാണ് മാർച്ച് വരെ നീട്ടിയത്.

തുടർന്നും നീട്ടുമോ എന്നതിനെ സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ, പദ്ധതി നീട്ടുന്നതുമായി ബന്ധപ്പെട്ട് ഒരു നിർദേശവും സർക്കാരിന്റെ മുന്നിൽ ഇല്ലെന്ന കേന്ദ്ര ഭക്ഷ്യ സെക്രട്ടറിയുടെ വാക്കുകൾ വലിയ വാർത്തയായിരുന്നു. കോവിഡിനെ തുടർന്ന് തളർച്ച നേരിട്ട സമ്പദ് വ്യവസ്ഥ മടങ്ങിവരവിന്റെ പാതയിലാണ്. ഭക്ഷ്യധാന്യ ശേഖരം ഉയർന്നതും വിലയിരുത്തി പദ്ധതി നീട്ടാൻ സർക്കാരിന്റെ മുന്നിൽ ആലോചനയില്ലെന്നാണ് ഭക്ഷ്യസെക്രട്ടറി അന്ന് പറഞ്ഞത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ഘട്ടത്തിലാണ് പദ്ധതി നവംബർ 30 വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *