National

വിളക്ക് കൊളുത്താൻ പറഞ്ഞപ്പോൾ പുച്ഛിച്ചവർക്കുള്ള മറുപടി; ഇന്ത്യ ലോകത്തിന്റെ കോവിഡ് സുരക്ഷിതസ്ഥാനമായെന്ന് പ്രധാനമന്ത്രി

രാജ്യത്ത് 100 കോടി ഡോസ് വാക്‌സിൻ നൽകാൻ കഴിഞ്ഞത് അസാധാരണ നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ഓരോ പൗരന്റെയും വിജയമാണ്. 100 കോടി എന്നത് വെറും അക്കമല്ല, നാഴികക്കല്ലാണ്. രാജ്യത്തെ മികവിന്റെ പ്രതീകമാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ്. ഇതിനെ ഇന്ത്യ അതിജീവിക്കുമോ എന്നു സംശയം ഉന്നയിച്ചവർക്കുള്ള മറുപടിയാണ് ഈ നേട്ടം. ഇന്ത്യയെ കോവിഡ് സുരക്ഷിത ഇടമായി ലോകം കാണുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വാക്‌സിനേഷൻ 100 കോടി പൂർത്തിയാക്കിയ സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസംരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വാക്‌സിനേഷൻ യജ്ഞത്തിൽ പലർക്കും സംശയമുണ്ടായിരുന്നു. ഇതാ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരമായെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിൻ നൽകുന്നതിൽ വിഐപിയെന്നോ, സാധാരണക്കാരനെന്നോ വേർതിരിവുണ്ടായില്ല. ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കി. വിഐപി സംസ്‌കാരം ഇല്ലാതാക്കി. വളരെ വേഗത്തിലാണ് രാജ്യം നേട്ടം കൈവരിച്ചത്.

വിളക്ക് കത്തിക്കാൻ ആവശ്യപ്പെട്ടപ്പോൾ; വിളക്ക് കത്തിച്ചാലോ, കൈയടിച്ചാലോ കോവിഡ് പോകുമോ എന്ന് പുച്ഛിച്ചവരുണ്ട്. എന്നാൽ അതെല്ലാം ഐക്യത്തിനുള്ള യജ്ഞമായിരുന്നു. ഇത് ഒരുമയുടെ വിജയമാണിത്. ശാസ്ത്രത്തോടും പുതിയ കണ്ടുപിടുത്തങ്ങളോടും ഇന്ത്യാക്കാർ കാണിച്ച വിശ്വാസ്യതയാണ് റെക്കോഡ് വാക്‌സിനേഷന് രാജ്യത്തെ സഹായിച്ചത്. വാക്‌സിൻ വിമുഖതയാണ് പല രാജ്യങ്ങളും നേരിടുന്ന പ്രതിസന്ധി. ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഇന്ത്യ കോവിഡ് പ്രതിരോധം മികച്ചതാക്കിയത്.

ഇന്ത്യക്ക് വാക്സീൻ എല്ലാവരിലേക്കും എത്തിക്കാനാകുമോ എന്നതിൽ പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ ആ സംശയം അസ്ഥാനത്തായി. വികസിത രാജ്യങ്ങളെക്കാൾ മികച്ച രീതിയിൽ രാജ്യത്ത് കോവിഡ് വാക്സീൻ വിതരണം നടത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യമുണ്ടാക്കിയ കൊവിൻ പ്ലാറ്റ്ഫോം ലോകശ്രദ്ധ പിടിച്ചുപറ്റി. ലോകം മുഴുവൻ ഇന്ത്യയുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയാണ്. ലോകം ഇന്ത്യയെ ഫാർമ ഹബ്ബായി പരിഗണിക്കുകയാണ്. ഏത് കഠിനമായ പ്രതിബന്ധങ്ങളും രാജ്യത്തിന് മറികടക്കാനാകുമെന്നതിന്റെ നേർസാക്ഷ്യമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ശാസ്ത്രീയ മാനദണ്ഡം അനുസരിച്ചാണ് രാജ്യത്ത് വാക്‌സിനേഷൻ വിതരണം ചെയ്തത്. വാക്‌സിൻ എടുത്തവർ എടുക്കാത്തവരെ അതിന് പ്രേരിപ്പിക്കണം. മാസ്‌ക് ജീവിതശൈലിയുടെ ഭാഗമാക്കണം. പുറത്തിറങ്ങുമ്പോൾ ചെരുപ്പ് ഇടുന്നതുപോലെ മാസ്‌കും ധരിക്കണം. രാജ്യത്തെ സാമ്പത്തിക രംഗം മെച്ചപ്പെടുകയാണ്. രാജ്യത്തേക്ക് വലിയ നിക്ഷേപം വരുന്നു. റിയൽ എസ്റ്റേറ്റ്, കാർഷിക മേഖലകൾ പുരോഗതി കൈവരിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് വാക്‌സിനേഷൻ ഇന്നലെ 100 കോടിയെന്ന ചരിത്ര നേട്ടം കൈവരിച്ചിരുന്നു. ചൈനയ്ക്കു പിന്നാലെയാണ് ഇന്ത്യയും 100 കോടി വാക്‌സിനേഷൻ എന്ന റെക്കോർഡ് കുറിച്ചത്. രാജ്യത്ത് വാക്‌സിൻ വിതരണം ആരംഭിച്ച് ഒമ്പത് മാസം പിന്നിടുമ്പോഴാണ് 100 കോടി ഡോസ് വാക്‌സിൻ വിതരണം എന്ന നിർണായക നേട്ടം ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. രോഗത്തിന് ആരോടും വിവേചനമില്ല. വാക്‌സിനേഷനിലും വിവേചനമുണ്ടായില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘നൂറുവർഷത്തിനിടെയുണ്ടായ ഏറ്റവുംവലിയ മഹാമാരിക്കെതിരേ ശക്തമായ സുരക്ഷാകവചമാണ് 100 കോടി പ്രതിരോധവാക്‌സിൻ നൽകിയതിലൂടെ രാജ്യം തീർത്തിരിക്കുന്നത്. വാക്‌സിൻ നിർമാണക്കമ്പനികളുടെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാക്‌സിൻ എത്തിച്ചവരുടെയും സേവനം മറക്കാനാവില്ല. രാജ്യത്തെ ശാസ്ത്ര, സംരംഭക രംഗങ്ങളുടെയും 130 കോടി ജനങ്ങളുടെയും മഹാവിജയമാണിത്’ കഴിഞ്ഞ ദിവസം വാക്‌സിൻ എടുത്തവരുടെ എണ്ണം 100 കോടി പിന്നിട്ടപ്പോൾ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *