National

മോദി-ദീദി പോര് മുറുകുന്നു; മമതക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രസർക്കാർ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത അവലോകനയോഗത്തില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടുനിന്നതില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര സർക്കാർ. അഹങ്കാരവും കാർക്കശ്യവും നിറഞ്ഞതായിരുന്നു മമത ബാനർജിയുടെ പെരുമാറ്റമെന്ന് കേന്ദ്ര സർക്കാർ രൂക്ഷഭാഷയിൽ വിമർശിച്ചു.

യാസ് ചുഴലിക്കാറ്റ് നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി പ്രധാനമന്ത്രി വിളിച്ചു ചേർത്ത അവലോകന യോ​ഗത്തിൽ നിന്നാണ് മമത ബാനർജി വിട്ടു നിന്നത്.15 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച മാത്രമാണ് വിമാനത്താവളത്തില്‍ വെച്ച് മമത നടത്തിയത്. കൂടിക്കാഴ്ചയിൽ ബംഗാളിൽ ഉണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ട് മമത പ്രധാനമന്ത്രിക്ക് കൈമാറി.

‘താങ്കള്‍ക്ക് എന്നെ കാണണമെന്ന് അറിയിച്ചത് കൊണ്ടാണ് ഞാൻ വന്നത്. ഈ റിപ്പോര്‍ട്ട് താങ്കള്‍ക്കു മുന്നില്‍ സമര്‍പ്പിക്കാന്‍ ഞാനും ചീഫ് സെക്രട്ടറിയും ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് മറ്റൊരു യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ട്. അതിന് പോകാനുള്ള അനുമതി നല്‍കണം’, എന്ന് മമത പ്രധാനമന്ത്രിയെ അറിയിച്ചതായി ഔദ്യോ​ഗിക വൃത്തങ്ങൾ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വിമാനത്താവളത്തില്‍ കൂടിക്കാഴ്ച നടത്തുന്ന കാര്യം അദ്ദേഹത്തിന്റെ ഓഫീസിനെ മുന്‍കൂട്ടി അറിയിച്ചിരുന്നതായും എന്നാല്‍ വിമാനത്താവളത്തില്‍ കാത്തിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും മമത ബാനർജിയുടെ ഓഫീസ് പറയുന്നു.

എന്നാൽ മമതയ്ക്കുവേണ്ടി പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനും അര മണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *