National

ലോക്കറുകൾ നിറഞ്ഞു കവിഞ്ഞു; ദയവ്ചെയ്ത് വെള്ളിക്കട്ടകൾ ഇനി സംഭാവന നൽകരുത്,അഭ്യർത്ഥനയുമായി രാമക്ഷേത്ര ട്രസ്റ്റ്

ലഖ്നോ:അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി ഇനി വെള്ളിക്കട്ടകൾ ആരും സംഭാവനയായി നൽകരുതെന്ന അഭ്യർത്ഥനയുമായി ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്. ഇവ സൂക്ഷിക്കാനുള്ള ബാങ്ക് ലോക്കറുകൾ നിറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് അഭ്യർത്ഥന. ഇതിനോടകം ക്ഷേത്ര നിർമാണത്തിനായി 400 കിലോയിലേറെ വെള്ളിക്കട്ടകളാണ് സംഭാവനയായി ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തർ വെള്ളിക്കട്ടകൾ അയക്കുകയാണെന്നും ഇതിനോടകം ഒരുപാട് വെളളിക്കട്ടികൾ ലഭിച്ചുവെന്നും ട്രസ്റ്റ് അംഗമായ അനിൽ മിശ്ര പറഞ്ഞു. അതെല്ലാം എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം എന്നതിനെ കുറിച്ച് ഞങ്ങൾ ഗൗരവമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വീണ്ടും ഭക്തർ വെള്ളിക്കട്ടികൾ അയയ്ക്കരുതെന്ന് വിനീതമായി അഭ്യർഥിക്കുകയാണ്. രാമക്ഷേത്ര നിർമാണത്തിനായി കൂടുതൽ വെള്ളികട്ടകൾ ആവശ്യമായി വരികയാണെങ്കിൽ അപ്പോൾ ആലോചിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

പണമായി ഇതിനോടകം 1600 കോടിയോളം രൂപയാണ് ക്ഷേത്ര നിർമാണത്തിന് സംഭാവന ലഭിച്ചത്. രാജ്യവ്യാപകമായി സംഭാവന ക്യാമ്പയിൻ നടത്തുകയാണ് സംഘാടകർ.ക്ഷേത്ര നിർമാണത്തിനുള്ള പണപ്പിരിവിനായി 1,50,000 ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി ട്രസ്റ്റിന്‍റെ ജനറൽ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു.ക്ഷേത്ര നിർമാണം 39 മാസങ്ങൾക്കുളളിൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *