ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് കര്‍ഷകർ നയിച്ച ട്രാക്ടര്‍ റാലിക്കിടെ ഒരുവിഭാഗം അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ ഇതുവരെ 84പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം,രാജ്യതലസ്ഥാനത്തെ കര്‍ഷക പ്രക്ഷോഭത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിച്ചേരാതിരിക്കാനുള്ള നടപടികള്‍ പോലീസ് കൂടുതല്‍ ശക്തമാക്കി. ഡല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് നിരോധനം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു.
ഹരിയാനയിലെ അംബാല, യമുന നഗര്‍, കുരുക്ഷേത്ര, കര്‍ണാല്‍, കൈതല്‍, പാനിപ്പത്ത്, ഹിസര്‍, സിന്ധ്, റോഹ്തഗ്,ഭിവാനി, ഛര്‍കി ദാദ്രി, ഫത്തേഹബാദ്, റിവാറി,സോനിപത്, പല്‍വാല്‍ എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റും വോയിസ് കോള്‍ സൗകര്യവും വിച്ഛേദിച്ചു.നിരോധനം നാളെ വൈകുന്നേരം അഞ്ചുവരെയാണ്.