National

ലോകത്തിന്റെ വാക്‌സിന്‍ ഹബ്ബായി ഇന്ത്യ മാറുന്നു;ഇതുവരെ സമീപിച്ചത് 92 രാജ്യങ്ങള്‍

ഡൽഹി:കോവിഡ് വാക്‌സിനായി ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങൾ. ഇന്ത്യയിൽ നിർമിച്ച കോവിഡ് വാക്‌സിനുകൾക്ക് പാർശ്വഫലങ്ങൾ കുറവാണെന്ന കണ്ടെത്തലിനെ തുടർന്നാണ് വിവിധ രാജ്യങ്ങൾ വാക്‌സിനുവേണ്ടി ഇന്ത്യയെ സമീപിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ഇതോടെ ലോകത്തിന്റെ വാക്‌സിൻ ഹബ്ബായി ഇന്ത്യ മാറുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇന്ത്യയിൽ കൊറോണ വാക്‌സിൻ കുത്തിവയ്പ്പ് തുടങ്ങിയത്. വാക്‌സിനെടുത്തവരിൽ ചെറിയ ശതമാനം ആളുകൾക്ക് മാത്രമാണ് പാർശ്വഫലങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്തത്. ഇക്കാരണത്താലാണ് കൂടുതൽ രാജ്യങ്ങൾ വാക്‌സിനായി ഇന്ത്യയെ സമീപിക്കുന്നത്. ഇതിനോടകം നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ അടക്കമുള്ള അയൽ രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സിനുകൾ അയക്കുന്നുണ്ട്.

കൊറോണ വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് ഡൊമിനിക്കൻ റിപ്പബ്ലിക്കൻ പ്രധാനമന്ത്രി റൂസ് വെൽറ്റ് സ്‌കെറിറ്റ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞദിവസം കത്ത് അയച്ചിരുന്നു. 2021 ൽ കോവിഡിനെതിരായ പ്രതിരോധത്തിലേക്ക് കടക്കുമ്പോൾ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ജനങ്ങൾക്കായി കോവിഡ് വാക്‌സിൻ ആവശ്യമാണെന്നും അതിനാൽ വാക്‌സിനുകൾ അനുവദിക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *