തിരുവനന്തപുരം: ഈ ആഴ്ച രണ്ടുദിവസം ബാങ്ക് പണിമുടക്ക്. എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകളുടെ എടിഎം അടക്കമുള്ള സേവനങ്ങൾ മുടങ്ങും. ഡിസംബർ 16നും 17നുമാണ് ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ബാങ്കിങ് മേഖലയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് എതിരെയാണ് സമരം. ഡിസംബർ ഒന്നിന് ബാങ്കേഴ്സ് യൂണിയനുകൾ സംയുക്തമായി ജന്തർ മന്ദറിൽ മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമരം ശക്തമാക്കാൻ യൂണിയനുകൾ തീരുമാനിച്ചത്.
എടിഎം അടക്കമുള്ള എസ്ബിഐ സേവനങ്ങളെ രണ്ടുദിവസത്തെ പണിമുടക്ക് ബാധിച്ചേക്കാം. പഞ്ചാബ് നാഷണൽ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ആർബിഎൽ ബാങ്ക് എന്നിവയും പണിമുടക്ക് പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ബാങ്കിങ് യൂണിയനുകളുടെ സംയുക്ത മുന്നണിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് സമരത്തിന് നേതൃത്വം നൽകുന്നത്. എഐബിഇഎ, എഐബിഒസി, എൻസിബിഇ, എഐബിഒഎ, ബിഇഎഫ്ഐ, ഐഎൻബിഒസി തുടങ്ങിയ സംഘടനകൾ പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ട്.