Kerala

‘മുസ്ലിം പേരുണ്ടായാൽ തീവ്രവാദിയാക്കുന്ന നിൻ്റെയൊക്കെ മതവെറി, ഞങ്ങൾ കോൺഗ്രസ്സുകാരോട് വേണ്ട, ഇത് കേരളമാണ്, ഗുജറാത്തല്ല’; സുധാകരൻ

തിരുവനന്തപുരം: മൊഫിയ പർവീൺ കേസിൽ സമരം ചെയ്തവർക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങളുണ്ടോയെന്ന് അന്വേഷിക്കുമെന്ന പൊലീസ് പരാമർശത്തിനെതിരെ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. മുസ്ലീം പേരുണ്ടായാൽ തീവ്രവാദിയാക്കുന്ന മത വെറി കോൺഗ്രസുകാരോട് വേണ്ടെന്ന് സുധാകരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഇത് കേരളമാണെന്നും ഗുജറാത്തല്ലെന്ന് ഓർമ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള പൊലീസിന് ശമ്പളം നാഗ്പൂരിലെ കാര്യാലയത്തിൽ നിന്നല്ലെന്നും നിങ്ങൾ തിരുത്തുമെന്നും ഞങ്ങൾ നിങ്ങളെ തിരുത്തിച്ചിരിക്കുമെന്നും കെ പി സി സി പ്രസിഡൻറ് കുറിപ്പിലൂടെ പറഞ്ഞു.

കെസുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ആലുവയിലെ യൂത്ത് കോൺഗ്രസ്‌, കെ എസ് യു നേതാക്കളുടെ പേരു കണ്ട് അവർക്ക് തീവ്രവാദി ബന്ധമുണ്ടോ എന്നന്വേഷിക്കണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ എഴുതിവെച്ച പോലീസ് ഉദ്യോഗസ്ഥരോട്,
“മുസ്ലിം പേരുണ്ടായാൽ തീവ്രവാദിയാക്കുന്ന നിൻ്റെയൊക്കെ മതവെറി, ഞങ്ങൾ കോൺഗ്രസ്സുകാരോട് വേണ്ട.
ഇത് കേരളമാണ്, ഗുജറാത്തല്ല. നിങ്ങൾക്ക് ശമ്പളം തരുന്നത് ആർഎസ്എസിന്റെ നാഗ്പൂർ കാര്യാലയത്തിൽ നിന്നുമല്ല.
നിങ്ങൾ തിരുത്തും.
ഞങ്ങൾ നിങ്ങളെ തിരുത്തിച്ചിരിക്കും!

ആലുവയിൽ നിയമ വിദ്യാർത്ഥി മൊഫിയ പർവീണിൻറെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയ സമരത്തിൽ അറസ്റ്റിലായവരുടെ റിമാൻഡ് റിപ്പോർട്ട് വിവാദമാകുന്നു. പൊലീസ് സ്റ്റേഷനിൽ സമരം ചെയ്ത പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്നും, ഇതിൽ അന്വേഷിക്കണം എന്നായിരുന്ന കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. സമരവുമായി ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത അൽ അമീൻ, അനസ്, നജീബ് എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിക്ക് നൽകിയ റിപ്പോർട്ടിലാണ് പൊലീസിൻറെ വിവാദമായ പരാമർശം.

സമരത്തിനിടെ ഡിഐജിയുടെ കാർ കോൺഗ്രസ് പ്രവർത്തകർ ത‍‍ടഞ്ഞ് നാശനഷ്ടം വരുത്തിയിരുന്നു.അതോടൊപ്പം ജലപീരങ്കിയുടെ മുകളിൽ കയറി കൊടി നാട്ടി. പൊതുമുതൽ നശിപ്പിച്ചതടക്കം കുറ്റം ചുമത്തി 12 പേരെ പ്രതികളാക്കി കേസെടുത്തു. ഇതിൽ അറസ്റ്റ് ചെയ്ത മൂന്ന് പേരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിക്ക് നിൽകിയ റിപ്പോർട്ടിലാണ് നേതാക്കൾക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് ആരോപിക്കുന്നത്.

റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് അൻവർ സാദത്ത് എംഎൽഎ ഫേയ്സ്ബുക്കിലൂടെ രൂക്ഷ വിമർശനം നടത്തിയത്. പൊലീസ് റിമാൻറ് റിപ്പോർട്ടിൽ പ്രതികൾ തീവ്രവാദി ബന്ധം ഉള്ളവരാണെന്ന് സൂചിപ്പിച്ചത് പ്രതിഷേധാർഹമാണെന്നും, ഈ രീതിയിൽ റിമാൻറ് റിപ്പോർട്ട് എഴുതിയ പൊലീസുകാർക്കെതിരെ നടപടി വേണമെന്നും അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു. പിണറായി പോലീസ് യോഗി പോലീസിന് പഠിക്കുകയാണെന്നും അൻവർ സാദത്ത് എം എൽ എ ആരോപിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *