ആലുവയിൽ നിയമ വിദ്യാര്‍ത്ഥി മൊഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ അറസ്റ്റിലായവരുടെ റിമാൻഡ് റിപ്പോർട്ട് വിവാദമാകുന്നു. പൊലീസ് സ്റ്റേഷനില്‍ സമരം ചെയ്ത പ്രാദേശിക കോൺഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്നും, ഇതിൽ അന്വേഷിക്കണം എന്നായിരുന്ന കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. സമരവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത അൽ അമീൻ, അനസ്, നജീബ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന്റെ വിവാദമായ പരാമര്‍ശം.സംഭവത്തിൽ രൂക്ഷ വിമർശനവുമായി ആലുവ എംഎൽഎ അൻവർ സാദത്ത് ഉൾപ്പടെയുള്ളവർ രംഗത്തെത്തി.
സമരത്തിനിടെ ഡിഐജിയുടെ കാര്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞ് നാശനഷ്ടം വരുത്തിയിരുന്നു.അതോടൊപ്പം ജലപീരങ്കിയുടെ മുകളില്‍ കയറി കൊടി നാട്ടി. പൊതുമുതല്‍ നശിപ്പിച്ചതടക്കം കുറ്റം ചുമത്തി 12 പേരെ പ്രതികളാക്കി കേസെടുത്തു. ഇതില്‍ അറസ്റ്റ് ചെയ്ത മൂന്ന് പേരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നില്‍കിയ റിപ്പോര്‍ട്ടിലാണ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് ആരോപിക്കുന്നത്.
റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് അൻവർ സാദത്ത് എംഎല്‍എ ഫേയ്സ്ബുക്കിലൂടെ രൂക്ഷ വിമർശനം നടത്തിയത്. പൊലീസ് റിമാന്റ് റിപ്പോര്‍ട്ടില്‍ പ്രതികള്‍ തീവ്രവാദി ബന്ധം ഉള്ളവരാണെന്ന് സൂചിപ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്നും, ഈ രീതിയില്‍ റിമാന്റ് റിപ്പോര്‍ട്ട് എഴുതിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും അൻവർ സാദത്ത് എംഎല്‍എ ആവശ്യപ്പെട്ടു. പിണറായി പോലീസ് യോഗി പോലീസിന് പഠിക്കുകയാണെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ ആരോപിച്ചു.