തൃശൂർ: വിവാഹത്തിന് ആഭരണങ്ങളെടുക്കാൻ സഹോദരിയെയും അമ്മയെയും ജ്വല്ലറിയിലിരുത്തി മടങ്ങിയ യുവാവ് വീട്ടിൽ മരിച്ച നിലയിൽ. അവസാന നിമിഷം ബാങ്ക് വായ്പ നിഷേധിച്ചതിനെ തുടർന്നാണ് വിപിന് ആത്മഹത്യ ചെയ്തതെന്ന് പറയുന്നു. തൃശൂർ ചെമ്പൂക്കവ് സ്വദേശി പടിഞ്ഞാറൂട്ട് വീട്ടിൽ 26 വയസ്സുള്ള വിപിൻ ആണ് മരിച്ചത്.
സഹോദരിയുടെ വിവാഹാവശ്യങ്ങൾക്കായി ബാങ്കിൽ നിന്നും വായ്പ തേടിയിരുന്നു. മൂന്ന് സെൻറ് ഭൂമി മാത്രമേ കൈവശമുള്ളൂവെന്നതിനാൽ സഹകരണ ബാങ്കുകളോ, സർക്കാർ നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്പ ലഭിക്കില്ല. ഇതേ തുടർന്ന് പുതുതലമുറ ബാങ്കിൽ നിന്നും വായ്പ അപേക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം വായ്പ അനുവദിച്ചതായി അറിയിച്ചിരുന്നതായി പറയുന്നു. ഇതനുസരിച്ച് വിവാഹത്തിന് സ്വർണമെടുക്കാനായി അമ്മയെയും സഹോദരിെയയും കൂട്ടി ജ്വല്ലറിയിലെത്തി ആഭരണങ്ങളെടുത്തോളാനും പണവുമായി ഉടനെത്താമെന്നും അറിയിച്ചു.
ബാങ്കിലെത്തിയെങ്കിലും വായ്പ അനുവദിക്കാനാവില്ലെന്ന് അറിയിച്ചുവത്രെ. ജ്വല്ലറിയിൽ ഏറെ നേരം കാത്തിരുന്നിട്ടും വിപിനെ കാണാതാവുകയായിരുന്നു. തുടര്ന്ന് വീട്ടിലെത്തിയപ്പോഴാണ് വിപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ ഞായറാഴ്ച യായിരുന്നു സഹോദരിയുടെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്.