Kerala

ശബരിമല വരുമാനത്തില്‍ വന്‍ ഇടിവ്;പുതിയ വരുമാന മാർഗങ്ങൾ തേടി ദേവസ്വംബോർഡ്

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നിന്നും ലഭിക്കുന്ന വരുമാനമായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുഖ്യ സാമ്പത്തിക സ്രോതസ്. എന്നാൽ കൊറോണ തീർത്ത പ്രതിസന്ധിയിൽ സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണം നൂറിലൊന്നായി കുറഞ്ഞിരിക്കുകയാണിപ്പോൾ. ദേവസ്വം ബോർഡിന്റെ വരുമാനത്തിലും വലിയ കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്. ശബരിമലയിൽ നിന്നുമുള്ള വരുമാനം കുറഞ്ഞതോടെ ചിലവുകൾ കുറയ്ക്കാനും ഒപ്പം പുതിയ വരുമാന മാർഗങ്ങൾ തേടുവാനും തീരുമാനിച്ചിരിക്കുകയാണ് ദേവസ്വം ബോർഡ്.

ഇപ്പോഴിതാ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുളള ക്ഷേത്രങ്ങളിൽ നിത്യ പൂജയ്‌ക്കോ ചടങ്ങുകൾക്കോ ഉപയോഗിക്കേണ്ടാത്ത സ്വർണം, വെള്ളി തുടങ്ങിയ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പാണ് ആരംഭിച്ചിരിക്കുകയാണ്. ഇതിനായി ബോർഡിന് കീഴിലുള്ള അറുന്നൂറോളം ക്ഷേത്രങ്ങളിലെ രജിസ്റ്ററുകളാണ് പരിശോധിക്കുന്നത്. ഇത്തരത്തിൽ ഉപയോഗിക്കപ്പെടാത്ത സ്വർണം റിസർവ് ബാങ്കിന്റെ സ്വർണബോണ്ടിൽ നിക്ഷേപിക്കാനാണ് ബോർഡ് പദ്ധതിയിടുന്നത് . സ്വർണബോണ്ടിലൂടെ വരുമാനം വർധിപ്പിക്കുന്നതിനായി ഹൈക്കോടതിയുടെ അനുമതി തേടുമെന്നും സൂചനയുണ്ട്.

അതേസമയം, ക്ഷേത്രങ്ങളിലെ വഴിപാടിന്റെ നിരക്ക് കൂട്ടുവാനുള്ള ചർച്ചകൾ നടന്നുവെങ്കിലും ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായിട്ടില്ല. കൊറോണ കാലയളവിൽ ഓൺലൈൻ വഴിയുള്ള വഴിപാടുകൾ, കാണിക്ക എന്നിവ വർദ്ധിപ്പിക്കുവാനുള്ള നടപടികൾ കൈക്കൊള്ളും.ബോർഡിൻറെ അനുമതികൂടാതെ ക്ഷേത്രങ്ങളിൽ അനാവശ്യ ചടങ്ങുകൾക്ക് പണപ്പിരിവ് നടത്തുന്ന ഉപദേശകസമിതികൾക്കു തടയിടാനും തീരുമാനമായിട്ടുണ്ട്.

ക്ഷേത്രങ്ങളിൽ വരുമാനം കൂട്ടുന്നതിനായി ഭക്തജനങ്ങളോട് കൂടുതൽ മര്യാദയോടെ പെരുമാറണമെന്ന് ജീവനക്കാർക്ക്
ബോർഡ് നിർദ്ദേശം നൽകി. ഇതിനായി ക്ഷേത്രങ്ങളിൽ മിന്നൽ പരിശോധന നടത്തും.ഈ സീസണിൽ ശബരിമലയിൽ നിന്നുള്ള വരുമാനക്കുറവാണ് മറ്റുവഴികൾ തേടാൻ ബോർഡിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഈ സീസണിൽ ശബരിമലയിൽ ആദ്യ 20 ദിവസത്തെ വരുമാനം മൂന്നേകാൽക്കോടി രൂപ മാത്രമാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 66 കോടിയായിരുന്നു ശബരിമലയിൽ ലഭിച്ച വരുമാനം.

Leave a Reply

Your email address will not be published. Required fields are marked *