Kerala

തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളി; രണ്ട് കൗണ്‍സിലര്‍മാര്‍ അറസ്റ്റില്‍

തൃക്കാക്കര ന​ഗരസഭയിൽ കഴിഞ്ഞ ദിവസം ഉണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ. സി പി ഐ നേതാവും മുനിസിപ്പാലിറ്റി പ്രതിപക്ഷ ഉപനേതാവുമായ എം ജെ ഡിക്സൻ , കോൺഗ്രസ് കൗൺസിലർ സി സി വിജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്റെ പരാതിയിലാണ് ഡിക്‌സണെ അറസ്റ്റ് ചെയ്തത്. ഇടതുപക്ഷത്തിന്റെ പരാതിയിലാണ് സി സി വിജയനെ അറസ്റ്റ് ചെയ്തത്.

കയ്യാങ്കളിയില്‍ പരിക്കേറ്റ നഗരസഭ കൗണ്‍സിലര്‍മാരും ചെയര്‍പേഴ്‌സണും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പണക്കിഴി വിവാദകാലത്തു കുത്തിപ്പൊളിച്ച നഗരസഭാധ്യക്ഷയുടെ ചേംബറിന്റെ പൂട്ടും ഗ്ലാസും മാറിയതിന് ചിലവായ പണിക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. പണിക്കൂലിയുമായി 8000 രൂപ കൗൺസിൽ അംഗീകരിക്കണമെന്ന അജണ്ടവന്നു. ഇതോടെയാണ് അടി തുടങ്ങിയത്.

നഗരസഭാധ്യക്ഷയുടെ ചേംബറിന്റെ പൂട്ട് തകർത്തത് അജിത തങ്കപ്പൻ തന്നെയാണെന്നും അതിന്‍റെ ചെലവ് നഗരസഭ അക്കൗണ്ടിൽ നിന്ന് ഈടാക്കാൻ കഴിയില്ലെന്നുമാണ് പ്രതിപക്ഷം പറയുന്നത്. ഇത് സംബന്ധിച്ച് പ്രതിപക്ഷം നൽകിയ കേസ് പൊലീസ് പരിഗണനയിലുമാണ്. എന്നാൽ പ്രതിപക്ഷം തന്നെയാണ് തന്‍റെ ക്യാബിനിന്‍റെ പൂട്ടിന് കേട്പാട് വരുത്തിയതെന്നും തന്നെ പിന്തുടർന്ന് വേട്ടയാടുകയാണെന്നും അജിത തങ്കപ്പൻ പറഞ്ഞു.

സ്ഥിരം സംഘർഷവേദിയായ തൃക്കാക്കര നഗരസഭയ്ക്ക് കൗൺസിൽ വിളിക്കാൻ ഹൈക്കോടതി പൊലീസ് പ്രൊട്ടക്ഷൻ അനുവദിച്ചിട്ടുണ്ട്. ഇതൊക്കെ നിലനിൽക്കെയാണ് പൂട്ടിനെചൊല്ലിയുള്ള അടിപിടി. സംഭവത്തിൽ ഭരണ പ്രതിപക്ഷത്തെ 6 കൗൺസിലർമാർ ആശുപത്രിയിൽ ചികിത്സ തേടി. അജിത, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ ഉണ്ണി കാക്കനാട്, ലാലി ജോഫിന്‍, പ്രതിപക്ഷത്തുനിന്നു മുന്‍ അധ്യക്ഷ ഉഷ പ്രവീണ്‍, കൗണ്‍സിലര്‍മാരായ അജുന ഹാഷിം, സുമ മോഹന്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *