Kerala

അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; മോഫിയ പർവ്വീണിന്‍റെ ആത്മഹത്യയില്‍ പുതിയ സംഘം

കൊച്ചി: ആലുവയിൽ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി രാജീവനാണ് അന്വേഷണ ചുമതല. കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

ഗാർഹിക പീഡന കേസിലെ പരാതിക്കാരി മൊഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് എടുക്കുന്നതിൽ സിഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പോലീസ് റിപ്പോർട്ട്. ഒക്ടോബർ 29ന് പരാതി കിട്ടിയിട്ടും 25 ദിവസം സിഐ സി എൽ സുധീർ കേസ് എടുത്തില്ലെന്നാണ് വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സിഐ സുധീർ മകളെ നീ മാനസിക രോഗിയല്ലെ എന്ന് വിളിച്ച് അപമാനിച്ചെന്ന ഗുരുതര ആരോപണവുമായി അമ്മ പ്യാരിയും രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം, നിയമ വിദ്യാർത്ഥിനിയെ വീടിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ദാരുണ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് ഉത്തരവിട്ടു.ആലുവ റൂറൽ എസ്പി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഡിസംബർ 27 ന് പരിഗണിക്കും.

ഭർത്താവിൻ്റെ പീഡനമാണ് മരണകാരണമെന്നും സ്ഥലം പോലീസ് ഇൻസ്പെക്ടർക്കെതിരെ നടപടി വേണമെന്നും പറയുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്ത സാഹചര്യത്തിലാണ് കമ്മീഷൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.തൊടുപുഴ അൽ അസ്ഹർ ലോ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി മോഫിയ പർവീണിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *