Kerala

മോഫിയയുടെ ആത്മഹത്യ: ഭർത്താവും മാതാപിതാക്കളും കസ്റ്റഡിയിൽ

ആലുവയിൽ ഗാർഹിക പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും കുടുംബവും അറസ്റ്റിൽ. മരിച്ച എൽഎൽബി വിദ്യാർത്ഥിനി മോഫിയ പർവീണിന്റെ ഭർത്താവ് മുഹമ്മദ് സുഹൈലും ഭർതൃമാതാവ് റുഖിയ, പിതാവ് യുസുഫ് എന്നിവരുമാണ് പോലീസ് അറസ്റ്റിലായത്. കോതമം​ഗലത്തെ ബന്ധുവീട്ടിൽ ഒളിവിലായിരുന്ന മൂവരും ഇന്ന് പുലർച്ചെയാണ് പിടിയിലായത്. ഭർത്താവ് സുഹൈൽ, ഭർത്താവിന്റെ അച്ഛൻ, അമ്മ എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

21കാരിയായ മോഫിയ സ്ത്രീധന പീഡനം നേരിടുന്നെന്ന് കാണിച്ച് ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ആലുവ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് ആലുവ പൊലീസ് സ്‌റ്റേഷനിൽ നിന്ന് മൊഫിയയെ ഒത്തു തീർപ്പിന് വിളിപ്പിച്ചു.അവിടെ നിന്നും മടങ്ങി വീട്ടിലെത്തിയ ശേഷമാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഒത്തു തീർപ്പ് ചർച്ചയ്ക്കിടെ സിഐ തന്നെ ചീത്ത വിളിച്ചെന്നും ഇത് മാനസികമായി ഏറെ പ്രയാസമുണ്ടാക്കിയെന്നും യുവതി ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഇതുമൂലം ജീവനൊടുക്കുകയാണെന്ന് യുവതി കത്തിൽ വ്യക്തമാക്കി.

അതേസമയം, ഭര്‍ത്താവ് സുഹൈലിനും പോലീസിനുമെതിരെ ​ഗുരുതര ആരോപണങ്ങളുമായി മരിച്ച മോഫിയയുടെ അച്ഛൻ രംഗത്തെത്തി. മോഫിയ പര്‍വീണിന് ഭര്‍ത്താവ് സുഹൈലിന്‍റെ വീട്ടില്‍ അനുഭവിക്കേണ്ടിവന്നത് ക്രൂര പീഢനമാണെന്ന് അച്ഛൻ ദില്‍ഷാദ് കെ സലീം പറയുന്നു. ഗാർഹികപീഡനം അടക്കം ഒരു പരാതിയും പൊലീസ് കാര്യമായി എടുത്തില്ലെന്ന് മോഫിയയുടെ അച്ഛൻ പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *