കൊച്ചിയിൽ മുൻ മിസ് കേരള അടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ച ബന്ധപ്പെട്ട കേസിലെ പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങൾ. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലെ ലഹരി ഇടപാടുകള്‍ ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.ഹോട്ടലില്‍ മദ്യവും മയക്കുമരുന്നും വിളമ്പി. ആരുടെയെങ്കിലും സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്ന് പരിശോധിക്കണം. ഹോട്ടല്‍ കേന്ദ്രീകരിച്ച് ലഹരി ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണം.ഇത്തരം രഹസ്യ ഇടപാടുകള്‍ ഒളിപ്പിക്കാനാണ് ഡിവിആര്‍ നശിപ്പിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസിലെ രണ്ടാം പ്രതിയായ ഹോട്ടല്‍ ഉടമ റോയി ജോസഫ് വയലാട്ട് യുവതികള്‍ അടക്കമുള്ളവര്‍ക്ക് മദ്യവും മയക്കുമരുന്നും നല്‍കിയതായി പൊലീസ് ആരോപിക്കുന്നു. ഇക്കാര്യം പുറത്തറിയാതിരിക്കാനാണ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്കും റോയിയും ഹോട്ടല്‍ ജീവനക്കാരായ പ്രതികളും ചേര്‍ന്ന് നശിപ്പിച്ചത്. ഡിവിആര്‍ കണ്ണങ്കര പാലത്തില്‍ നിന്നും കായലിലേക്ക് വലിച്ചെറിയുകയായിരുന്നു. ഹോട്ടലില്‍ നിന്നും ഡിവിആര്‍ മാറ്റിയശേഷം കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക് സ്ഥാപിക്കുകയും ചെയ്തു. ആസൂത്രിതമായ നീക്കം നടന്നിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എന്നാൽ കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചു. നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിനും ജീവനക്കാരായ അഞ്ചു പേർക്കുമാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.