Kerala

കൊച്ചിയില്‍ ലൈസന്‍സില്ലാത്ത വഴിയോര കച്ചവടത്തിന് വിലക്ക്

കൊച്ചിയില്‍ വഴിയോര കച്ചവടത്തിന് നിയന്ത്രണം. കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഡിസംബർ ഒന്ന് മുതൽ തിരിച്ചറിയൽ കാർഡും ലൈസൻസില്ലാത്ത വഴിയോര കച്ചവടത്തിനാണ് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് കർശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്താൻ എറണാകുളം ജില്ലാ കളക്ടറെയും സിറ്റി പോലീസ് കമ്മീഷണറേയും കോടതി സ്വമേധയാ കേസിൽ കക്ഷി ചേർത്തു.

വഴിയോര കച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച 2014 ലെ കേന്ദ്ര നിയമം നടപ്പിലാക്കാൻ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അർഹരായവർക്ക് നവംബർ 30 നകം തിരിച്ചറിയൽ കാർഡും ലൈസൻസും വിതരണം ചെയ്യണം. പുനരധിവാസത്തിന് അർഹരായ വഴിയോര കച്ചവടക്കാർക്ക് ലൈസൻസിനുള്ള അപേക്ഷ സമർപ്പിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.

ഇത്തരത്തിൽ ലഭിക്കുന്ന അപേക്ഷകളിൽ ഒരു മാസത്തിനകം കമ്മറ്റി തീരുമാനമെടുക്കണം. ഈ അപേക്ഷകർക്ക് ലൈസൻസും തിരിച്ചറിയൽ കാർഡും ലഭിക്കുന്ന മുറയ്ക്ക് മാത്രമെ വഴിയോര കച്ചവടത്തിന് അനുമതി ലഭിക്കുകയുള്ളൂ. അതേസമയം അർഹരെന്ന് കണ്ടെത്തിയ 876 പേരിൽ 700 പേർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തതായി കൊച്ചി കോർപ്പറേഷൻ ഹൈക്കോടതിയെ അറിയിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *