Kerala

‘കുറുപ്പി’ലെ ആ സർപ്രൈസ്; ടൊവീനോയ്ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ റിലീസ് ചെയ്ത എല്ലാ തീയറ്ററുകളിലും വിജയകരമായി മുന്നോട്ട് പോവുകയാണ്. ഇപ്പോളിതാ ‘കുറുപ്പി’െല മർമ പ്രധാനകഥാപാത്രമായ ചാർളിയെ അവതരിപ്പിച്ച ടൊവീനോ തോമസിന് നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ. ഏവരെയും അതിശയിപ്പിച്ച പ്രകടനമാണ് ‘കുറുപ്പി’ലൂടെ ടൊവീനോ കാഴ്ചവച്ചതെന്നും ചിത്രത്തിന് തന്ന പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ദുൽഖർ പറഞ്ഞു.

ദുൽഖറിന്റെ വാക്കുകൾ

ടൊവിനോ തോമസ്, അതിഥി വേഷങ്ങളിലെ സൂപ്പർ താരം. മലയാളത്തിലെ ഏറ്റവും പ്രഗത്ഭരായ താരങ്ങളിൽ ഒരാളായ നീ ചാർളി എന്ന അതിഥി വേഷം അവതരിപ്പിക്കാൻ പൂർണമനസ്സോടെ തയാറാണെന്ന് സംവിധായകനോട് പറഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. നമ്മുടെ ഈ ചെറിയ ഇൻഡസ്ട്രിയിൽ പരസ്പരം പിന്തുണച്ച് ഒത്തൊരുമയോടെ മുന്നേറുമ്പോൾ, നമ്മൾ ആർക്കും തോൽപ്പിക്കാൻ കഴിയാത്ത വലിയ ഒരു ശക്തിയായി മാറും.

ടൊവി , കുറുപ്പിൽ നിന്നെ കാണുന്നത് എനിക്ക് ഏറെ സന്തോഷം പകരുന്നു. ഞങ്ങളെ ഏവരെയും അതിശയിപ്പിച്ച പ്രകടനമാണ് നീ നിന്റെ കഥാപാത്രത്തിലൂടെ കാഴ്ചവച്ചത്. നിന്റെ കഥാപാത്രം നിഷ്‌കളങ്കവും പരാധീനതയുള്ളതും പ്രതീക്ഷ നിറഞ്ഞതുമായിരുന്നു. നിന്നെ ചാർളിയിൽ നിന്ന് വേർതിരിക്കാൻ ഞങ്ങൾക്ക് വീണ്ടും വീണ്ടും നോക്കേണ്ടിവന്നു.

നമ്മുടെ സിനിമയിലെ ഏറ്റവും വലിയ സർപ്രൈസ് നീ ആയതിനാൽ ഒരു പ്രൊമോയിലോ പോസ്റ്ററിലോ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. കുലീനമായ ഒരു മൗനത്തിൽ നീയും ചാർളിയെ ഒളിപ്പിച്ചു. നമ്മൾ കണ്ടുമുട്ടിയത് മുതൽ ഇന്നോളം കാത്തുസൂക്ഷിക്കുന്ന സൗഹൃദത്തിനും കുറുപ്പിന് നീ തന്ന പിന്തുണയ്ക്കുമെല്ലാം എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു. വേഫെറർ ഫിലിംസിലെ ഭാഗമായതിന് ഞങ്ങളോരോരുത്തരും നിന്നോട് നന്ദി പറയുന്നു. നമ്മുടെ സൗഹൃദം ആഴത്തിൽ വേരൂന്നട്ടെ. ‘മിന്നൽ മുരളി’ ഒരു ഇടിമുഴക്കമാകട്ടെ. എന്നെന്നും സ്‌നേഹത്തോടെ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *