Kerala

‘മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് ദൗര്‍ഭാഗ്യകരം’;കെപിസിസിക്ക് ദുഃഖമുണ്ടെന്ന് കെ സുധാകരൻ

കോഴിക്കോട്ട് ഹോട്ടലിൽ വച്ച് നടന്ന രഹസ്യയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവ‍ർത്തകരെ കോൺ​ഗ്രസ് നേതാക്കൾ അക്രമിച്ച സംഭവം ദൗ‍ർഭാ​ഗ്യകരമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കോഴിക്കോടുണ്ടായത് മോശം സംഭവമാണെന്നും അതിൽ കെപിസിസിക്ക് ദുഖമുണ്ടെന്നും തിരുവനന്തപുരത്ത് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡിസിസിയുടെ അന്വേഷണ റിപ്പോ‍ർട്ട് കിട്ടിയ ശേഷം നടപടിയെടുക്കുമെന്നും സുധാകരൻ വ്യക്തമാക്കി. ഡിസിസിയുടെ റിപ്പോ‍ർട്ട് തൃപ്തികരമല്ലെങ്കിൽ കെപിസിസി തന്നെ നേരിട്ട് ഇതേക്കുറിച്ച് അന്വേഷിക്കും. ഡിസിസിയുടെ റിപ്പോ‍ർട്ട് തിങ്കളാഴ്ച ലഭിക്കും അതിന് ശേഷം ഇക്കാര്യത്തിൽ തുട‍ർനടപടിയുണ്ടാവുമെന്ന് സുധാകരൻ പറഞ്ഞു. കോൺ​ഗ്രസിൽ ഇനി ​ഗ്രൂപ്പ് യോ​ഗം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

അതേസമയം ,ഗ്രൂപ്പ് യോഗത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ കോൺഗ്രസ് നേതാക്കൾ മര്‍ദ്ദിച്ച കേസില്‍ പരാതിക്കാരുടെ വിശദമായ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ നല്‍കിയ പരാതിയും കൈരളി,ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍മാര്‍ നല്‍കിയ പരാതികളും ചേര്‍ത്ത് ഒറ്റ കേസായാവും അന്വേഷണം‍. നിലവില്‍ സാജന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ്സെടുത്തിട്ടുണ്ട്. ‍‍ഡിസിസി മുന്‍ പ്രസിഡണ്ട് യു.രാജീവന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുപത് പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ഉൾപ്പെടുത്തിയാണ് പോലീസ് കേസ്സ് എടുത്തിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *