Kerala

കോൺഗ്രസ് – ജോജു തർക്കത്തിൽ സമവായ സാധ്യത അണയുന്നു; കൂടുതൽ സമര പരിപാടികൾക്ക് ഡിസിസി തീരുമാനം

ഇന്ധന വിലയ്‌ക്കെതിരെ കോൺഗ്രസ് വൈറ്റില ഹൈവേ ഉപരോധിച്ചതുമായി ബന്ധപ്പെട്ട് നടൻ ജോജുവുമായി ഉണ്ടായ തർക്കത്തിൽ സമവായ സാധ്യത അടയുന്നു. ജോജു കോടതിയിലേക്ക് നീങ്ങിയതോടെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉൾപ്പടെ ജോജുവിനെതിരെ നിലപാട് കടുപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ സമരപരിപാടികളിലേക്ക് കടക്കാൻ എറണാകുളം ഡിസിസി തീരുമാനിച്ചത് . ജോജുവിന്‍റെ കാർ തകർത്ത കേസിൽ അറസ്റ്റിലാകാനുള്ള ആറ് പ്രതികൾ പോലീസിന് മുൻപാകെ കീഴടങ്ങുന്ന കാര്യത്തിൽ നാളെ കോൺഗ്രസ് തീരുമാനമെടുക്കും.

പരസ്പര വിട്ടു വീഴ്ചയിൽ ഖേദം അറിയിച്ച് കേസിൽ നിന്ന് പിൻമാറുക എന്നതിനായിരുന്നു നീക്കം നടത്തിയത്. എറണാകുളത്തെ കോൺഗ്രസ് നേതാക്കളും ജോജു ജോർജ്ജിന്‍റെ സുഹൃത്തുക്കളും ഇക്കാര്യത്തിൽ ധാരണയായെങ്കിലും കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ ഉൾപ്പടെ മുതിർന്ന നേതാക്കൾ ജോജുവിനെതിരെ വിമർശനം കടുപ്പിച്ചതാണ് തിരിച്ചടിയായത്. സംഭവം അരങ്ങേറി ഒരാഴ്ചയാകുമ്പോൾ സമൂഹമാധ്യമങ്ങളിൽ നിന്നടക്കം അക്കൗണ്ടുകൾ താത്കാലികമായി റദ്ദാക്കി പരസ്യപ്രസ്താവനകൾ നിന്ന് വിട്ട് നിൽക്കുകയാണ് നടൻ ജോജു.വിഷയത്തിൽ താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹികളോ മുതിർന്ന താരങ്ങളോ ഇടപെടുമെന്ന സൂചന ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നെങ്കിലും അത്തരം നീക്കങ്ങളും നിലവിൽ ഇല്ല.

എന്നാൽ സിപിഎം ഗൂഡാലോചനയാണ് സമവായ നീക്കങ്ങൾക്ക് തിരിച്ചടിയായെന്ന ആരോപണം ആവർത്തിക്കുകയാണ് കോൺഗ്രസ്. അതോടൊപ്പം ജോജുവിനെതിരെ കേസ് എടുക്കാത്തതിൽ മഹിള കോൺഗ്രസ്സിന്‍റെ നേതൃത്വത്തിൽ സമരപരിപാടികൾക്ക് തുടക്കമിടും. ബുധനാഴ്ചയാണ് മരട് പൊലീസ് സ്റ്റേഷൻ മാർച്ച്. നാളെ ഇന്ധന നികുതി കുറയ്ക്കാതെ സർക്കാർ നിലപാടിനെതിരെ കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ചക്രസ്തംഭന സമരത്തിന് ശേഷം തുടർന്നുള്ള നിയമനടപടികൾ ആലോചിക്കും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *