Kerala

വാഹനം തകർത്ത കേസ് ഒത്തുതീർപ്പാകാനുള്ള സാധ്യത മങ്ങുന്നു; ജോജു ജോര്‍ജ് കോടതിയിലേക്ക്

കോണ്‍ഗ്രസിന്റെ റോഡ് ഉപരോധത്തിനിടെ കാര്‍ തകര്‍ത്ത സംഭവത്തില്‍ നടന്‍ ജോജു ജോര്‍ജ് കോടതിയിലേക്ക്. കേസില്‍ കക്ഷിചേരാന്‍ നടന്‍ ജോജു ജോര്‍ജ് ഹര്‍ജി നല്‍കി.എറണാകുളത്തെ സംഭവത്തിന് ശേഷം വ്യക്തിപരമായി അധിക്ഷേപം ഉണ്ടായെന്നും ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടുമാണ് ഹര്‍ജി.

കാര്‍ തകര്‍ത്തത്തില്‍ പിടിയിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി ജി ജോസഫിന്റെ ജാമ്യഹര്‍ജിയിലാണ് നടൻ ജോജു കക്ഷിചേരാന്‍ അപേക്ഷ നല്‍കിയത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. റോഡ് ഉപരോധവുമായി ബന്ധപ്പെട്ട സംഭവം ഒത്തുതീർപ്പിലേക്ക് നടക്കുന്നതിനിടെയാണ് ജോജുവിന്റെ നടപടി.

തനിക്കെതിരെ കോൺഗ്രെസ്സുകാർ നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് സമവായ ചര്‍ച്ചക്കിടെ ജോജു ജോര്‍ജ് കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. മാതാപിതാക്കള്‍ക്കെതിരെ നടത്തിയ അസഭ്യവര്‍ഷം തന്നെ എറെ വേദനയുണ്ടാക്കിയെന്നും ജോജു അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ച എറണാകുളം ഡിസിസി നേതാക്കള്‍ പറഞ്ഞത് ഇരുകൂട്ടര്‍ക്കും തെറ്റു ബോധ്യപ്പെട്ടുവെന്നാണ്.

ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞുവെച്ച് മണിക്കൂറുകളോളം ഉപരോധിച്ചു.ഇതിനെ തുടർന്ന് രോഗികളടക്കം റോഡില്‍ കുടുങ്ങിപ്പോയി. ഈ സമയത്താണ് താന്‍ പ്രതികരിച്ചത്. ഇതിനെതിരെ തന്റെ വാഹനം ആക്രമിച്ച് തകര്‍ത്തു. പിന്നീടും അസഭ്യവര്‍ഷം തുടര്‍ന്നു. ഈ സാഹചര്യത്തില്‍ കേസില്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ജോജു ജോർജ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *