Kerala

ഫസലിനെ കൊന്നത് ആർഎസ്എസല്ല; പിന്നില്‍ കൊടി സുനിയും സംഘവുമെന്ന് സിബിഐ

സിപിഎം നേതാക്കൾ പ്രതി ചേർക്കപ്പെട്ട തലശ്ശേരി ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന വാദം തള്ളി സിബിഐ.കേസിലെ ആദ്യ കുറ്റപത്രം സിബിഐ ശരിവച്ചു.മൂന്ന് മാസം നീണ്ട തുടരന്വേഷണത്തിൽ കേസിൽ ആർഎസ്എസ് പ്രവർത്തകരാണ് വധത്തിന് പിന്നിലെന്ന വാദം തെറ്റെന്ന് തെളിഞ്ഞുവെന്നാണ് സിബിഐ റിപ്പോർട്ടിൽ വാദിക്കുന്നത്.

ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്റെ മൊഴി പോലീസ് കസ്റ്റഡിയിൽ പറയിപ്പിച്ചതാണെന്നും സിബിഐ കൊച്ചിയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിൽ പറയുന്നു.കൊലപാതകത്തിന് പിന്നിൽ ടിപി വധക്കേസിൽ കുറ്റവാളികളായ കൊടി സുനിയും സംഘവുമാണെന്നും സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരെന്നും സിബിഐ ആവർത്തിക്കുന്നു

ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഫസൽ വധക്കേസിൽ സിബിഐ തുടരന്വേഷണം ആരംഭിച്ചത്. ഫസലിന്റെ സഹോദരൻ അബ്ദുൾ സത്താർ സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. സുബീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം വേണമെന്നായിരുന്നു കോടതി ഉത്തരവില പറയുന്നത്.

പത്രവിതരണക്കാരനായ ഫസൽ 2006 ഒക്ടോബർ 22-നാണ് തലശ്ശേരി സെയ്ദാർ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സിപിഎം പ്രവർത്തകനായ ഫസൽ പാർട്ടി വിട്ട് എൻഡിഎഫിൽ ചേർന്നതിലുള്ള എതിർപ്പ് മൂലമായിരുന്നു കൊലപാതകം എന്നായിരുന്നു ആരോപണം. എന്നാൽമറ്റൊരു കേസിൽ പിടിയിലായപ്പോഴാണ് ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സുബീഷ് പൊലീസിന് മൊഴി നൽകിയത്. ഫസലിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെന്ന മൊഴി പോലീസ് കസ്റ്റഡിയിൽ വെച്ച് സുബീഷിനെകൊണ്ട് നിയമവിരുദ്ധമായി രേഖപ്പെടുത്തിയതാണെന്നും തങ്ങളുടെ ആദ്യ കുറ്റപത്രം ശരിവച്ച് തുടർനടപടികൾ സ്വീകരിക്കണമെന്നും സിബിഐ സംഘം പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *