Kerala

‘അന്തസ്സും അഭിമാനവും ഏതൊരു വ്യക്തിക്കും പ്രധാനമാണ്, താങ്കളത് മറക്കരുത്’; മന്ത്രി മുഹമ്മദ് റിയാസിനെ വിമര്‍ശിച്ച് പി.കെ ഫിറോസ്

മലപ്പുറം: നവംബർ ഒന്ന് മുതൽ സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റസ്റ്റ് ഹൗസുകൾ പൊതു ജനങ്ങൾക്കായി തുറന്ന് കൊടുത്തിരുന്നു.കുറഞ്ഞ ചെലവിൽ പൊതുജനങ്ങൾക്ക് താമസസൌകര്യമൊരുക്കുന്ന പദ്ധതിക്കായി വലിയ മുന്നൊരുക്കങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നടത്തിയത്. ഓൺലൈൻ ബുക്കിം​ഗ് ആരംഭിക്കാനിരിക്കേ തിരുവനന്തപുരം തൈക്കാട്ടെ ​സ‍ർക്കാർ റസ്റ്റ് ഹൗസിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് മിന്നൽ പരിശോധന നടത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.

മതിയായ സൌകര്യങ്ങളൊരുക്കാത്ത റസ്റ്റ് ഹൗസ് ജീവനക്കാരെ മന്ത്രി ശകാരിക്കുന്ന തും മന്ത്രി പങ്കുവെച്ച ലൈവിലുണ്ടായിരുന്നു. എന്നാൽ മന്ത്രിയുടെ നടപടി ശരിയായില്ലെന്നും അന്തസ്സും അഭിമാനവുമൊക്കെ ഏതൊരു വ്യക്തിക്കും പ്രധാനമാണെന്നും വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസിൻറെ വിമർശനം. ”മന്ത്രി പി.എ മുഹമ്മദ് റിയാസ് തിരുവനന്തപുരം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് സന്ദർശിക്കുന്ന ഒരു വീഡിയോ കണ്ടു. ഫേസ്ബുക്ക് ലൈവുമായിട്ടാണ് ആളുടെ വരവ്. വന്ന പാടെ റസ്റ്റ് ഹൗസിലെ ജീവനക്കാരനെ കണക്കിന് ശകാരിക്കുന്നുണ്ട്. സർക്കാറിന്റെ തീരുമാനം പൊളിക്കാൻ നടക്കാണോ എന്നൊക്കെയാണ് മന്ത്രി ചോദിക്കുന്നത്. എന്നാൽ കാണട്ടെ എന്നൊക്കെ വെല്ലുവിളിക്കുന്നുമുണ്ട്. തന്റെ അധികാരവും പത്രാസുമൊക്കെ ഒരു സാധാരണ ജീവനക്കാരന്റെ മേൽ കാണിച്ചപ്പോ മന്ത്രിക്ക് മന:സുഖം കിട്ടിക്കാണുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ മന്ത്രി അടിയന്തിരമായി ഈ ഏർപ്പാട് നിർത്തണം- ഫിറോസ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

മന്ത്രി പി.എ മുഹമ്മദ് റിയാസ് തിരുവനന്തപുരം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് സന്ദർശിക്കുന്ന ഒരു വീഡിയോ കണ്ടു. ഫൈസ്ബുക്ക് ലൈവുമായിട്ടാണ് ആളുടെ വരവ്. വന്ന പാടെ റസ്റ്റ് ഹൗസിലെ ജീവനക്കാരനെ കണക്കിന് ശകാരിക്കുന്നുണ്ട്. സർക്കാറിന്റെ തീരുമാനം പൊളിക്കാൻ നടക്കാണോ എന്നൊക്കെയാണ് മന്ത്രി ചോദിക്കുന്നത്. എന്നാൽ കാണട്ടെ എന്നൊക്കെ വെല്ലുവിളിക്കുന്നുമുണ്ട്.
തന്റെ അധികാരവും പത്രാസുമൊക്കെ ഒരു സാധാരണ ജീവനക്കാരന്റെ മേൽ കാണിച്ചപ്പോ മന്ത്രിക്ക് മന:സുഖം കിട്ടിക്കാണുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ മന്ത്രി അടിയന്തിരമായി ഈ ഏർപ്പാട് നിർത്തണം. ഒരു സ്ഥാപനത്തിൽ സന്ദർശനം നടത്തുമ്പോൾ അവിടെ മതിയായ സ്റ്റാഫിനെ സർക്കാർ നിയമിച്ചിട്ടുണ്ടോ എന്ന് തിരക്കണം. ഇല്ലെങ്കിൽ അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണം.

സ്റ്റാഫുണ്ടായിട്ടും ജോലി ചെയ്യുന്നില്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കണം. അല്ലാതെ ലക്ഷക്കണക്കിന് ആളുകൾ കാണുന്ന സോഷ്യൽ മീഡിയയുടെ മുമ്പിൽ വെച്ച് ഒരാളെ അപമാനിക്കുകയല്ല വേണ്ടത്. ആ സാധു ജീവനക്കാരൻ വിചാരിച്ചാലൊന്നും അങ്ങയുടെ വെല്ലുവിളി ഏറ്റെടുക്കാനുള്ള കെൽപ്പുണ്ടാവില്ല.

അധികാരവും പത്രാസുമൊന്നും കാട്ടി ആരെയും പേടിപ്പിക്കരുത്. അന്തസ്സും അഭിമാനവുമൊക്കെ ഏതൊരു വ്യക്തിക്കും പ്രധാനമാണ്. താങ്കളത് മറക്കരുത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *