Kerala

ജോജുവിനെതിരായ ആക്രമണം; ‘അമ്മ’ എന്തിന് മൗനം പാലിച്ചെന്ന് ഗണേഷ് കുമാർ എംഎൽഎ

കൊല്ലം: ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ നടൻ ജോജു ജോർജും കോൺ​ഗ്രസും തമ്മിലുണ്ടായ വിവാദത്തിൽ താരസംഘടന ‘അമ്മ’യ്ക്കെതിരെ വിമർശനവുമായി നടനും എംഎൽഎയുമായ കെ ബി ഗണേഷ് കുമാർ . ജോജുവിനെ തെരുവില്‍ ആക്രമിച്ചിട്ടും ഇതുവരെ അമ്മ പ്രതികരിച്ചില്ല. അമ്മയുടെ സെക്രട്ടറി ആരെ പേടിച്ചിട്ടാണ് ഒളിച്ചിരിക്കുന്നതെന്ന് ചോദിച്ച ഗണേഷ് കുമാർ, അമ്മയുടെ സമീപനം മാറ്റണമെന്നും പറഞ്ഞു. അമ്മയുടെ മീറ്റിങ്ങില്‍ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കോൺ​ഗ്രസിനെയും ​ഗണേഷ് കുമാര്‍ വിമർശിച്ചു. സ്ത്രീകളെ ഉപയോഗിച്ച് തന്നെ കുടുക്കാന്‍ മുമ്പ് കോൺഗ്രസ് ശ്രമിച്ചിരുന്നു എന്നാണ് വിമര്‍ശനം.

അതേസമയം, വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഘർഷത്തിൽ നടൻ ജോജു ജോര്‍ജിന്‍റെ വാഹനം തകർത്ത കേസിൽ ഒത്തുതീർപ്പ് നീക്കവുമായി കോൺഗ്രസ്. കേസിൽ പോലീസിന്റെ അന്വേഷണം മുറുകി നേതാക്കൾ അറസ്റ്റിലാകുമെന്ന അവസ്ഥയെത്തിയപ്പോഴാണ് സമവായ നീക്കം. ഇരുവിഭാഗവും തെറ്റ് സമ്മതിച്ചെന്നും കേസ് തീർക്കാൻ ചർച്ചകൾ നടക്കുന്നതായും എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. പ്രശ്നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

പെട്ടെന്നുള്ള പ്രകോപനത്തിന്‍റെ പേരിലുണ്ടായ തർക്കത്തിലെ കേസ് തുടരാൻ നടനും താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല. ജോജുവിന്‍റെ സുഹൃത്തുക്കളും കോൺഗ്രസ് നേതാക്കളും പ്രശ്‍ന പരിഹാരത്തിനായി ചർച്ചകൾ നടത്തിക്കഴിഞ്ഞു.അതേസമയം, കഴിഞ്ഞ ദിവസം ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ വൈറ്റിലയിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ യൂത്ത് കോൺഗ്രസ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *