കാസർഗോഡ്: ‘ചുമയുണ്ട് കുട്ടികളേ, ശ്വാസംമുട്ടുന്നുമുണ്ട്. ബാക്കി അടുത്ത ക്ലാസിലെടുക്കാം…’ ഇത്രയും പറഞ്ഞ് ഓൺലൈൻ ക്ലാസ് അവസാനപ്പിച്ച അധ്യാപിക അതേ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു.
കാസർഗോഡ് കള്ളാർ അടോട്ടുകയ ഗവ. വെൽഫെയർ എൽ.പി. സ്കൂൾ അധ്യാപിക കള്ളാർ ചുള്ളിയോടിയിലെ സി. മാധവി (47) ആണ് മരിച്ചത്. ഈ സമയംവീട്ടിൽ ആരുമുണ്ടായിരുന്നില്ല. സഹോദരന്റെ മകൻ രതീഷിനോട് നേരത്തെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇദ്ദേഹം വീട്ടിൽ എത്തിയപ്പോൾ കണ്ടത് മാധവി വീണുകിടക്കുന്നതാണ്. ഉടൻ പൂടങ്കല്ലിലെ താലൂക്ക് ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ബുധനാഴ്ച രാത്രി 7.30-നാണ് ഓൺലൈൻ ക്ലാസ് ആരംഭിച്ചത്. മൂന്നാം ക്ലാസിലെ കുട്ടികൾക്കു കണക്ക് വിഷയത്തിലായിരുന്നു ക്ലാസ്.
“എല്ലാവരും വീഡിയോ ഓണാക്കിയേ ഇന്നെനിക്ക് എല്ലാവരെയും ഒന്ന് കാണണം.” പതിവില്ലാതെ മാധവി ടീച്ചർ വീഡിയോ ഓൺ ചെയ്യാൻ പറഞ്ഞപ്പോൾ, വീഡിയോ മ്യൂട്ട് ചെയ്ത് ക്ലാസ് ശ്രദ്ധിച്ചിരുന്നവരും വീഡിയോ ഓൺ ചെയ്തു. പക്ഷേ തങ്ങളുടെ പ്രീയപ്പെട്ട ടീച്ചറുടെ അവസാനത്തെ ക്ലാസായിരുന്നു അതെന്ന് അവരറിഞ്ഞില്ല.
ക്ലാസ് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ഇടയ്ക്ക് ടീച്ചർ ഒന്ന് ചുമച്ചു. എന്ത് പറ്റിയെന്ന് കുട്ടികൾ അന്വേഷിച്ചു. ‘ ഓ, അതൊന്നും സാരമില്ല, തണുപ്പടിച്ചതിൻറെയാ… ” എന്നായിരുന്നു ടീച്ചർ പറഞ്ഞത്. ” ചുമയുണ്ട്, മക്കളെ, ശ്വാസം മുട്ടും. ബാക്കി നമ്മക്ക് അടുത്ത ക്ലാസിലെടുക്കാം…” എന്ന് പറഞ്ഞ് ടീച്ചർ ക്ലാസവസാനിപ്പിച്ചു. തുടർന്ന് മൂന്നാം ക്ലാസിലെ തൻറെ വിദ്യാർത്ഥികൾക്ക് ഹോം വർക്കും നൽകിയാണ് അദ്ധ്യാപിക ക്ലാസവസാനിപ്പിച്ചത്.
ഭർത്താവ്: പരേതനായ ടി. ബാബു. പരേതരായ അടുക്കന്റെയും മുണ്ടുവിന്റെയും മകളാണ്. സഹോദരങ്ങൾ: രാമൻ, കല്യാണി, കണ്ണൻ, പരേതരായ രാമകൃഷ്ണൻ, മാധവൻ.