Kerala

‘പണയത്തിലായ സ്വര്‍ണ്ണത്തിന്‍റെ പേരില്‍ ഭാര്യയുടെ അവഹേളനം’; ഭാര്യയെയും കുഞ്ഞിനെയും പുഴയിൽ തള്ളിയിട്ടതെന്ന് അറസ്റ്റിലായ ഷിജു

ഒന്നരവയസുകാരി മകളെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പിതാവ് കഴിഞ്ഞ ദിവസമാണ് പോലീസ് പിടിയിലായത്. തലശ്ശേരി കോടതി ജീവനക്കാരനായ കെപി ഷിജുവിനെയാണ് പോലീസ് പിടികൂടിയത്. ഒന്നര വയസ് പ്രായമുള്ള മകൾ അൻവിതയെയും ഭാര്യ സോനയെയും ഷിജു പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. ഭാര്യയെ നാട്ടുകാർ രക്ഷിച്ചുവെങ്കിലും അൻവിത യുടെ ജീവൻ രക്ഷിക്കാനായില്ല. മകളെയും ഭാര്യയേയും പുഴയിലേക്ക് തള്ളിയിട്ട ശേഷം ഇവിടെ നിന്നും കടന്നുകളഞ്ഞ ഷിജുവിനെ മട്ടന്നൂരിൽ നിന്നാണ് കതിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കോവിഡ് വ്യാപനത്തെ തുടർന്ന് പ്രവേശനം നിഷേധിക്കപ്പെട്ട ക്ഷേത്രകുളത്തിൽ ഷിജു ചാടിയത് ശ്രദ്ധയിൽപ്പെട്ടവരാണ് വിവരം പൊലീസിനെ അറിയിച്ചത്.ഇയാൾ ആത്മഹത്യ ചെയ്യാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്.തുടർന്ന് നാട്ടുകാർ ഇട്ടു നൽകിയ തെങ്ങോലയിൽ പിടിച്ചാണ് ഷിജുവിനെ കരയ്ക്ക് എത്തിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് പാത്തിപ്പാലം പുഴയിലേക്ക് ഭാര്യയേയും ഒന്നര വയസുകാരി മകളെയും ഷിജു തള്ളിയിട്ടത്. മകളുടെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം പൊന്ന്യം നാലാം മൈലിനടുത്ത സോനയുടെ തറവാട്ടു വീട്ടിലെത്തിച്ചു സംസ്കരിച്ചു.കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.

സാമ്പത്തിക പ്രയാസത്തെ തുടർന്ന് ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയിരുന്നെന്നും ഇതിന്റെ പേരിൽ ഭാര്യ നിരന്തരം കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തതിനാലാണു പുഴയിൽ തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ഷിജു പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഭാര്യയെയും കുഞ്ഞിനെയും പുഴയിലേക്കു തള്ളിയിട്ടതാണെന്നു ഷിജു സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സ്വർണം പണയത്തിലായിരുന്ന കാര്യം സോനയും പൊലീസിനോടു വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ തലശ്ശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *