Kerala

കോതമംഗലത്തെ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം; അയല്‍വാസികളായ മൂന്നുപേര്‍ പിടിയില്‍

കോതമംഗലത്ത് സ്റ്റുഡിയോ ഉടമ എൽദോസ് പോളിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു.കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.എൽദോസ് പോളിന്റെ അയൽവാസിയായ എൽദോ ജോയിയും മാതാപിതാക്കളുമാണ് പിടിയിലായത്.

ചേലാട് സെവൻ ആർട്‌സ് സ്റ്റുഡിയോ ഉടമ പിണ്ടിമന നിരവത്തുകണ്ടത്തിൽ എൽദോസ് പോളിനെ (40) തിങ്കളാഴ്ച രാവിലെ വീടിനടുത്തുള്ള പെരിയാർവാലി കനാൽ ബണ്ട് തിട്ടയിൽ സ്‌കൂട്ടർ മറിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പോലീസിന്റെ പ്രാഥമിക നിഗമനം അപകടമരണമാണെന്നായിരുന്നു. എന്നാൽ സംഭവ സ്ഥലത്തു നിന്നും എൽദോസിന്റെ മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാത്ത വന്നതോടെ പൊലീസിൽ സംശയം ജനിപ്പിച്ചു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയ്ക്കു പിന്നിൽ മുറിവേറ്റിരുന്നതായും വ്യക്തമായി. തുടർന്ന് മരിച്ച എൽദോസിന്റെ ഫോൺ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കൊല്ലപ്പെട്ട എൽദേസിന്റെ ഫോണിലേക്ക് ഞായറാഴ്ച രാത്രി വന്ന വിളികൾ പരിശോധിച്ചാണ് പരിസരവാസിയെ കസ്റ്റഡിയിലെടുത്തത്. പണമിടപാടുമായി ബന്ധപ്പെട്ടായിരുന്നു കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കുന്നത്.

മരിച്ച എൽദോസ് പോൾ രണ്ട് ലക്ഷം രൂപ എൽദോ ജോയിക്ക് കടം നൽകിയതായും ഇത് തിരികെ ചോദിച്ചതിനെത്തുടർന്നുണ്ടായ പ്രശ്‌നങ്ങളുമാണ് കൊലപാതകത്തിലേക്ക് കലാശിച്ചതനുമെന്നുമാണ് വിവരം. കടം വാങ്ങിയ പണം തിരികെ നൽകാമെന്ന് പറഞ്ഞ് പ്രതി എൽദോസിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

തുടർന്ന് മഴുക്കയ്യ് ഉപയോഗിച്ച് തലയ്ക്ക് പിന്നിലടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം മൃതദേഹം കനാൽ ബണ്ട് തിട്ടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സമീപത്തുതന്നെ സ്‌കൂട്ടറും ഉപേക്ഷിച്ചു. ഇതോടെ അപകടമരണമെന്ന് നാട്ടുകാരും പോലീസും കരുതുമെന്നാണ് പ്രതികൾ വിചാരിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *